ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ബി.എസ്.പി പ്രഖ്യാപിെച്ചങ്കിലും സംസ്ഥാനത്ത് സഖ്യസാധ്യതയുള്ള എല്ലാവരുമായും ബന്ധപ്പെട്ടു വരുകയാണെന്ന് പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ കോൺഗ്രസ് ഇപ്പോഴും ഡ്രൈവിങ് സീറ്റിൽതന്നെയാണ് -സംസ്ഥാനത്ത് പാർട്ടിയുടെ പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന ജ്യോതിരാദിത്യ അവകാശപ്പെട്ടു.
ബി.ജെ.പിയുടെ 14 വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ പാർട്ടി നേതൃത്വവും അണികളും ഒന്നിച്ചുള്ള പോരാട്ടത്തിലാണെന്നും പി.ടി.െഎക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിെൻറ വോട്ടുവിഹിതം ബി.എസ്.പി കാരണം കുറയുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നാണ് അദ്ദേഹത്തിെൻറ വിലയിരുത്തൽ.
‘‘ജനം ഞങ്ങളിലേക്ക് ഉറ്റുനോക്കുന്നതിനാൽ പ്രവർത്തകരെല്ലാം ആവേശത്തിലാണ്’’ -പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ സാധ്യതയുള്ള നേതാക്കളിലൊരാളായ ജ്യോതിരാദിത്യ വ്യക്തമാക്കി.
ബി.എസ്.പി വഴിപിരിയുന്നുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാജ്വാദി പാർട്ടിയുമായും ഗോണ്ട്വാന ഗണതന്ത്ര പാർട്ടിയുമായും സഖ്യസാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിെൻറ മറുപടിയിങ്ങനെ: ‘‘സഖ്യകക്ഷിയാകാൻ സാധ്യതയുള്ള എല്ലാ പാർട്ടികളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. അടിസ്ഥാന ലക്ഷ്യം ബി.ജെ.പിയെ തൂത്തെറിയലാണ്. അതുകൊണ്ട് ഒരു സാധ്യതയും തള്ളുന്നില്ല.’’
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു കളിയാണെന്നും സംസ്ഥാനതലത്തിൽ സഖ്യസാധ്യതകൾ യാഥാർഥ്യമായില്ലെങ്കിലും 2019ൽ അതിനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 14 വർഷത്തെ ബി.ജെ.പി ഭരണത്തിെൻറ ദുരിതം ജനങ്ങളുടെ മുഖത്തും കാണാം -ഗുണ മണ്ഡലത്തിലെ എം.പികൂടിയായ ജോതിരാദിത്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.