കോട്ടയം: പാർട്ടി വിപ്പ് പാലിക്കാതെയിരുന്ന പി.ജെ. ജോസഫ് എം.എൽ.എക്കും മോൻസ് ജോസഫ് എം.എൽ.എക്കും എതിരെ അടിയന്തരമായി നിയമസഭാ സ്പീക്കർക്ക് പരാതി നല്‍കുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എം.പി അറിയിച്ചു.
ചരിത്രപരമായ അനീതി കാട്ടിയത് യു.ഡി.എഫ് കെട്ടിപ്പടുത്ത മാണിസാറിനോടാണെന്നും, ജനാധിപത്യപരമായ മര്യാദകൾ ഒന്നും പാലിക്കാതെ കേരള കോൺഗ്രസ് പാർട്ടിക്കെതിരെ നടപടിയെടുത്തവർ നിയമസഭയിൽ നടത്തിയ പരാമർശം അത്യന്തം അനീതി നിറഞ്ഞതും, ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
38 വർഷത്തെ മുന്നണിബന്ധം വിച്ഛേദിച്ചുകൊണ്ട് മുന്നണിയിൽ നിന്ന് പുറത്താക്കിയ പാർട്ടിയോട് മുന്നണി തീരുമാനം അനുസരിച്ചു വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. ഇപ്പോൾ നടക്കുന്നത് ജനങ്ങളെ കബിളിപ്പിക്കാനുള്ള നാടകമാണ്. യാതൊരു വിധ മര്യാദയും, രാഷ്ട്രീയ ധർമ്മവും പാലിക്കാതെയാണ് കെ.എം. മാണിയുടെ ആത്മാവിനെ പോലും അവഹേളിക്കുന്ന രീതിയിൽ മുന്നണി കൺവീനർ പാർട്ടിയെ വീണ്ടും വീണ്ടും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത്.
നടക്കാത്ത ചർച്ചകളുടെയും ഇല്ലാത്ത ധാരണകളുടെയും പേരിൽ പുറത്താക്കിയപ്പോൾ കേരളത്തിലെ ജനങ്ങളിൽനിന്നും യു.ഡി.എഫിൽ നിന്നും ഉയർന്ന പ്രതിഷേധം വഴിമാറ്റി വിടാനും, ആളുകളെ തെറ്റിദ്ധരിപ്പിച്ച് പുതിയൊരു നടപടി നാടകത്തിനുമുള്ള ശ്രമമാണ് ഇപ്പോഴെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.