ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിവെച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ പ്രസിഡൻറിനെ നിശ്ച യിക്കാതെ നിലാക്കോഴി പരുവത്തിൽ നിൽക്കുന്ന കോൺഗ്രസ് അതൃപ്തിക്കും ആശങ്കക്കുമിട യിൽ പുകയുന്നു. പകരക്കാരനെ നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനത്തിൽ ഇനിയും ധാരണ രൂപ പ്പെടുത്താൻ കഴിയാതെ പ്രവർത്തകസമിതി യോഗം അനിശ്ചിതത്വത്തിൽ.
നെഹ്റു കുടുംബം ‘വേണ്ട’ എന്നു പറഞ്ഞിട്ടും പിടിവിടാതെ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ഏറ്റവുമൊടുവിൽ ഒരുസംഘം നേതാക്കൾ. തങ്ങളുടെ കുടുംബത്തിന് പുറത്തുനിന്നൊരാളെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധി രാജിപ്രഖ്യാപിച്ച ശേഷം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ ചർച്ചകൾ എങ്ങുമെത്തിക്കാൻ മുതിർന്ന നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കർണാടകയുടെ പേരുപറഞ്ഞ് നീട്ടിക്കൊണ്ടുപോയ പ്രവർത്തക സമിതി ഇനിയെന്നു ചേരുമെന്ന് ഇനിയും വ്യക്തതയില്ല.
രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അനാരോഗ്യം നേരിടുന്ന സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡൻറാക്കാൻ സമ്മർദം മുറുക്കി നോക്കി. അവിടെയും പരാജയപ്പെട്ടപ്പോഴാണ് പ്രിയങ്ക ഗാന്ധിയെ അമരത്ത് എത്തിക്കാനുള്ള ശ്രമം. എന്നാൽ, രാഹുലിനും സോണിയക്കും പിന്നാലെ പ്രിയങ്കയും നിലവിലെ സാഹചര്യങ്ങളിൽ ദൗത്യം ഏറ്റെടുക്കാൻ ഇടയില്ല. രാഹുലിെൻറ വാക്കും നിലപാടും അവഗണിക്കാൻ പ്രിയങ്ക സമീപഭാവിയിൽ തയാറാവില്ല.
അതേസമയം, പ്രിയങ്ക സ്ഥാനമേറ്റെടുക്കണമെന്ന താൽപര്യം ശശി തരൂരിനു പിന്നാടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പരസ്യമായി പ്രകടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷയാകാൻ തക്ക വിവേകവും വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യവും പ്രിയങ്കക്ക് ഉണ്ടെന്ന് അമരീന്ദർ പറഞ്ഞു. തലയില്ലാത്ത പരുവത്തിൽ കോൺഗ്രസിന് ഇനിയും അധികകാലം മുന്നോട്ടു പോകാൻ കഴിയില്ലെന്നും, പാർട്ടിയിലെ അതൃപ്തി എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും ശശി തരൂർ പറഞ്ഞു. അതിന് ഏറ്റവും നല്ല വഴി പ്രിയങ്ക തെരഞ്ഞെടുക്കപ്പെടുകയാണ്. അനിശ്ചിതാവസ്ഥയിലുള്ള ഉത്കണ്ഠ എം.പിമാർ സ്വകാര്യമായി പരസ്പരം പറയുന്നുണ്ട്. ജനങ്ങൾക്ക് പാർട്ടി പ്രചോദനം നൽകേണ്ടതുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.