ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ അധികാരത്തിലേറുന്നത് ബി.ജെ.പി ഗോവയിലും മണിപ്പൂരിലും പയറ്റിയ തന്ത്രത്തിലൂടെ. തൂക്കു മന്ത്രിസഭ എന്ന എക്സിറ്റ് പോൾ ഫലങ്ങളെ പുച്ഛിച്ചു തള്ളാൻ പറഞ്ഞ സിദ്ധരാമയ്യ തങ്ങൾ കേവല ഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം കൊണ്ടെങ്കിലും സത്യം അതല്ലെന്ന് അറിയാമായിരുന്നു. ബി.ജെ.പിയുടെ പാത സ്വീകരിച്ച് കർണാടകയിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള അണിയറ നീക്കം നേരത്തെ കോൺഗ്രസ് തുടങ്ങി. അതിെൻറ ആദ്യപടിയായിരുന്നു കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയായ സിദ്ധരാമയ്യ ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി സ്ഥാനമൊഴിയാൻ താൻ തയാറാണെന്ന പ്രസ്താവന ഇറക്കിയത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായപ്പോഴും െജ. ഡി.എസുമായി ചർച്ച നടത്തി. സോണിയ ഗാന്ധിയും ഗുലാം നബി ആസാദും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഫോണിലൂടെയും മറ്റും ജെ.ഡി.എസ് നേതാവ് ദേവഗൗഡയുമായി ചർച്ച നടത്തുകയും തീരുമാനമെടുക്കകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞ് ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് കരുതിയപ്പോഴും ചർച്ചകളിൽ കോൺഗ്രസ് വിട്ടു വീഴ്ച നടത്തിയില്ല.
എന്നാൽ വോെട്ടണ്ണലിെൻറ അവസാന മണിക്കൂറുകളിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തരത്തിൽ ഫലം വന്നപ്പോഴേക്കും ജെ.ഡി.എസ്- കോൺഗ്രസ് ധാരണയായിക്കഴിഞ്ഞിരുന്നു. ആദ്യ ഫലം നൽകിയ ആത്മവിശ്വാസത്തിൽ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കില്ലെന്ന പ്രസ്താവന ബി.ജെ.പിക്ക് വിനയാവുകയും ചെയ്തു. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് സർക്കാർ രൂപീകരിക്കാൻ ഇരു കക്ഷികളും തീരുമാനിക്കുകയും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്.
2017 ഫെബ്രുവരിയിൽ നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ കോൺഗ്രസും 13 സീറ്റിൽ ബി.ജെ.പിയും 10 സീറ്റിൽ മറ്റ് പ്രാദേശിക പാർട്ടികളുമായിരുന്നു വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണ്ടിയിരുന്നതിനാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസ്, സർക്കാറുണ്ടാക്കാൻ ഗവർണർ തങ്ങളെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഡൽഹിയിൽ പ്രാദേശിക പാർട്ടി സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുേമ്പാഴേക്കും 13 സീറ്റുകൾ മാത്രം നേടിയ ബി.ജെ.പി 10 സീറ്റുകളുള്ള പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സർക്കാർ രൂപീകരണത്തിന് ഗവർണർക്ക് മുമ്പാകെ അവകാശ വാദമുന്നയിച്ചുകഴിഞ്ഞിരുന്നു.
മനോഹർ പരീകർ മുഖ്യമന്ത്രിയാകുമെങ്കിൽ മാത്രം പിന്തുണക്കുകയുള്ളൂ എന്ന പ്രാദേശിക പാർട്ടികളുടെ ആവശ്യം പരിഗണിച്ച് അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീകറിനെ രായ്ക്ക്രാമാനം സ്ഥാനം രാജിവെപ്പിച്ച് ഗോവക്ക് കൊണ്ടു വരികയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. ചർച്ച കഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ ഗേവയിലെത്തിയപ്പോഴേക്കും ബി.ജെ.പി സർക്കാർ രൂപീകരണത്തിന് തയാറായിരുന്നു. മണിപ്പൂരിലും ബി.ജെ.പി അധികാരത്തിലേറുന്നത് നോക്കി നിൽക്കാനേ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസിനായുള്ളു. രണ്ട് അബദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസ് ഇതേ അടവ് കർണാടകയിലും ഉപയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.