പാലക്കാട്: ഒരുമിച്ചുള്ള യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോൾ മറ്റ് പലതിലും ചേക്കേറിയ നേതാക്കൾ പഴയ കൊടിക്കൂറയുടെ ഒാർമകളുമായി ഒത്തുചേരുന്നു. ഫെബ്രുവരി 18ന് ആലുവ ഗസ്റ്റ് ഹൗസിലാണ് ഇൗ രാഷ്ട്രീയകൗതുകം അരങ്ങേറുന്നത്. ഒരു കാലത്ത് ഒമ്പത് എം.എൽ.എമാരുമായി നിർണായക ശക്തിയായിരുന്ന കോൺഗ്രസ് എസിൽ പ്രവർത്തിക്കുകയും പിന്നീട് മറ്റ് പല കക്ഷികളുടേയും നേതാക്കളായി മാറിയവരുമാണ് ഗതകാലസ്മരണയും വ്യക്തിബന്ധവും പുതുക്കാൻ 18ന് രാവിലെ പത്തിന് ഒത്തുചേരുന്നത്.
അടുത്തിടെ പത്തനംതിട്ട റാന്നിയിൽ ഒരു വിവാഹവീട്ടിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ ഉദിച്ച ആശയമാണ് സംഗമത്തിലേക്കെത്തുന്നത്. സംശുദ്ധ രാഷ്ട്രീയമെന്ന ഇമേജിൽ ഇടതുമുന്നണിയിൽ പ്രമുഖസ്ഥാനവും മന്ത്രിസഭയിൽ പങ്കാളിത്തവുമുണ്ടായിരുന്ന കോൺഗ്രസ് എസിന് വലിയൊരു വിഭാഗം കോൺഗ്രസ് െഎയിലേക്ക് പോയതോടെയാണ് ശൈഥില്യം ബാധിച്ചത്. ചിലർ എൻ.സി.പി, ജനതാദൾ തുടങ്ങിയ കക്ഷികളിൽ ചേർന്നപ്പോൾ മറ്റ് ചിലർ രാഷ്ട്രീയമുപേക്ഷിച്ചു. സി.പി.എമ്മിൽ ചേർന്നവരുമുണ്ട്. ചെറുതുണ്ടമായി അവശേഷിച്ച കോൺഗ്രസ് (എസ്) ഇപ്പോഴും സാന്നിധ്യമറിയിച്ച് രംഗത്തുണ്ട്.
പല പാർട്ടികളിലുമെത്തിയവരുടെ വ്യക്തിബന്ധം തകരാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് കൂട്ടായ്മ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രിമാരായ വി.സി. കബീർ, കെ. ശങ്കരനാരായണപിള്ള, മുൻ എം.പിയും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻറുമായിരുന്ന പി.സി. ചാക്കോ, മുൻ എം.എൽ.എമാരായ ടി.പി. പീതാംബരൻ മാസ്റ്റർ (എൻ.സി.പി സംസ്ഥാന പ്രസിഡൻറ്), പി.എ. മാധവൻ, സുലൈമാൻ റാവുത്തർ, ഡി. സുഗതൻ, എൺപതുകളിൽ കോൺഗ്രസ് എസിേൻറയും പോഷകസംഘടനകളുടേയും ഭാരവാഹികളായിരുന്ന പി. സൂപ്പി, എ.വി. വല്ലഭൻ, സലീം പി. മാത്യു, കാട്ടൂർ അബ്ദുസലാം, വി.എൻ. ജയരാജ്, എൻ. ജയരാജൻ, സി.പി. മാത്യു, പി. ബാലഗോപാൽ എന്നിവർ കൂട്ടായ്മയിൽ പെങ്കടുക്കുന്നവരിൽ ചിലർ മാത്രം.
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെയും പെങ്കടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യമത്തിന് മുൻകൈയെടുത്ത കെ.എസ്.യു (എസ്) മുൻ സംസ്ഥാന പ്രസിഡൻറ് കോട്ടയത്തെ കെ.ആർ. രാജൻ പറഞ്ഞു. ഇതിനായി ‘ഒാർമകൾക്കൊപ്പം’എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്. പോഷകസംഘടന ഭാരവാഹിത്വത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ എം.ജെ. ബാബു, അഭിഭാഷകൻ പി.എം. നാരായണൻ എന്നിവരും സംഘാടകരാണ്. ആദ്യ കൂടിച്ചേരലിന് ശേഷം കുടുംബസംഗമം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.