ന്യൂഡൽഹി: രണ്ട് ഡസൻ കോൺഗ്രസ് നേതാക്കൾ നേതൃമാറ്റവും ശൈലീമാറ്റവും ആവശ്യപ്പെട്ടെങ്കിലും പാർട്ടി അധ്യക്ഷസ്ഥാനത്ത് തൽക്കാലം സോണിയ ഗാന്ധി തുടരും. പുതിയ പ്രസിഡൻറിനെ നിയോഗിക്കാൻ ആറു മാസത്തിനകം എ.ഐ.സി.സി സമ്മേളനം വിളിക്കും. ദൈനംദിന പ്രവർത്തനങ്ങളിൽ സോണിയയെ സഹായിക്കാൻ പ്രത്യേക സമിതിയുണ്ടാക്കും. മുതിർന്ന നേതാക്കൾ പാർട്ടിക്കാര്യം മാധ്യമ ചർച്ചയാക്കുന്നത് വിലക്കി. 23 നേതാക്കൾ സോണിയക്ക് എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ വിളിച്ച പ്രവർത്തക സമിതിയാണ് ഈ തീരുമാനമെടുത്തത്. സോണിയയുടെ നേതൃത്വത്തിന് പ്രവർത്തക സമിതി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഒരുസംഘം നേതാക്കൾ എഴുതിയ കത്ത് തെറ്റായ സന്ദർഭത്തിലാണെന്ന് പ്രവർത്തക സമിതി വിലയിരുത്തി.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ആർക്കെതിരെയും നടപടിയില്ല. കഴിഞ്ഞതു കഴിഞ്ഞു, എല്ലാവരെയും ഒരുമിച്ചുചേർത്ത് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഏഴു മണിക്കൂർ നീണ്ട യോഗത്തിനൊടുവിൽ സോണിയ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതിയിലും പുറത്തും നാടകീയ രംഗങ്ങളോടെ ചൂടേറിയ ചർച്ചകളാണ് അരങ്ങേറിയത്. കത്തെഴുതിയ നേതാക്കൾക്ക് പ്രവർത്തക സമിതിയിൽ മറ്റാരുടെയും പിന്തുണ ലഭിച്ചില്ല. 53 അംഗ സമിതിയിൽ 52 പേരും പങ്കെടുത്തു. അനാരോഗ്യം മൂലം അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് മാത്രമാണ് പങ്കെടുക്കാതിരുന്നത്. കത്ത് അനുചിതമായെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും, സോണിയ ഗാന്ധിയുടെ ആത്മാർഥ ശ്രമങ്ങൾക്കിടയിൽ ക്രൂരമായിപ്പോയെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണിയും കുറ്റപ്പെടുത്തി.
23 പേരുടെ കത്ത് ബി.ജെ.പിയുമായി ഒത്തുകളിക്കുന്ന വിധമുള്ളതാണെന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുറ്റപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കത്തെഴുതിയവരിൽ പ്രമുഖനായ ഗുലാംനബി ആസാദ് ഇതിെൻറ അടിസ്ഥാനത്തിൽ രാജി സന്നദ്ധത പ്രകടിപ്പിച്ചു. നെഹ്റു കുടുംബത്തെ ചോദ്യം ചെയ്യുകയല്ല കത്തിെൻറ ലക്ഷ്യമെന്ന് വിശദീകരിച്ചു. രാഹുലിെൻറ പരാമർശത്തിനെതിരെ കപിൽ സിബലും ട്വിറ്റർ കുറിപ്പ് ഇറക്കി. എന്നാൽ, രാഹുൽ ഇരുവരുമായും ബന്ധപ്പെട്ടതോടെ അവർ നിലപാട് തിരുത്തി. കപിൽ സിബൽ ട്വിറ്റർ കുറിപ്പ് പിൻവലിച്ചു. മുതിർന്ന നേതാക്കൾ മാധ്യമങ്ങളിലൂടെ വിമർശനം നടത്തുന്നതിനു പകരം പാർട്ടിക്കാര്യം പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് പ്രവർത്തക സമിതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.