തിരുവനന്തപുരം: മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ നാലുപേരെ ഒഴിവാക്കിയും നാലുപേരെ പുതുതായി ഉൾപ്പെടുത്തിയും സി.പി.ഐയുടെ പുതിയ സംസ്ഥാന എക്സിക്യൂട്ടിവ് രൂപവത്കരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ സമ്പൂർണാധിപത്യം അരക്കിട്ടുറപ്പിക്കുന്നതാണ് അഴിച്ചുപണി. അഡ്വ. കെ. പ്രകാശ് ബാബുവും സത്യൻ മൊകേരിയും സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായി തുടരും.
ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളായ സി. ദിവാകരനെയും സി.എൻ. ചന്ദ്രനെയും എക്സിക്യൂട്ടിവിൽ നിലനിർത്തി. കെ.ആർ. ചന്ദ്രമോഹനാണ് ട്രഷറർ. മന്ത്രി വി.എസ്. സുനിൽകുമാർ, കമലാസദാനന്ദൻ, വി.ബി. ബിനു, പി.കെ. കൃഷ്ണൻ എന്നിവരെയാണ് എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കിയത്. പകരം എ.കെ. ചന്ദ്രൻ, രാജാജി മാത്യു തോമസ്, പി.പി. സുനീർ, പി. വസന്തം എന്നിവരെ ഉൾപ്പെടുത്തി. ഇസ്മയിൽ പക്ഷക്കാരായി അറിയപ്പെടുന്നവരാണ് ഒഴിവായ നാലുപേരും. പകരമെത്തിയവരെല്ലാം ഔദ്യോഗികപക്ഷക്കാരാണ്.
മഹിളാസംഘം സെക്രട്ടറി എന്ന നിലയിൽ എക്സിക്യൂട്ടിവിലെത്തിയ കമല ആ പദവി ഒഴിഞ്ഞ സ്ഥിതിക്കാണ് എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. പകരം മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി. വസന്തം എക്സിക്യൂട്ടിവിൽ എത്തി. സത്യൻ മൊകേരിയുടെ ഭാര്യയായ വസന്തം ദേശീയ കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കർഷകത്തൊഴിലാളി സംഘടനയായ ഭാരതീയ കിസാൻ മസ്ദൂർ യൂനിയൻ സംസ്ഥാന സെക്രട്ടറിയായ പി.കെ. കൃഷ്ണൻ ഒഴിവായപ്പോൾ സംസ്ഥാന പ്രസിഡൻറ് എ.കെ. ചന്ദ്രൻ പകരമെത്തി. ‘ജനയുഗ’ത്തിെൻറ സി.എം.ഡി എന്ന നിലയിൽ എക്സിക്യൂട്ടിവ് അംഗമായ വി.ബി. ബിനു ആ പദവി ഒഴിഞ്ഞതിനാൽ എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവായി. മുഖപത്രം എഡിറ്ററാണ് പുതുതായെത്തിയ രാജാജി മാത്യു തോമസ്. മലപ്പുറം ജില്ല സെക്രട്ടറിയാണ് പുതുതായി എത്തിയ പി.പി. സുനീർ. പ്രകാശ് ബാബു മൂന്നാം തവണയും സത്യൻ മൊകേരി രണ്ടാം തവണയുമാണ് അസി. സെക്രട്ടറിമാരാകുന്നത്. കെ.പി. രാജേന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് 21 അംഗ സംസ്ഥാന എക്സിക്യൂട്ടിവിനെ തിരഞ്ഞെടുത്തത്. സി.പി.െഎ സംസ്ഥാന കൺേട്രാൾ കമീഷൻ ചെയർമാനായി സി.പി. മുരളിയെയും (കണ്ണൂർ) കൺേട്രാൾ കമീഷൻ സെക്രട്ടറിയായി ജെ. ഉദയഭാനുവിനെയും (കൊല്ലം)തിരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ, അഡ്വ. കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, ഇ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, ജെ. ചിഞ്ചുറാണി, അഡ്വ. പി. വസന്തം, അഡ്വ. എൻ. രാജൻ, സി.എ. കുര്യൻ, ടി. പുരുഷോത്തമൻ, സി. ദിവാകരൻ എം.എൽ.എ, സി.എൻ. ചന്ദ്രൻ, വി. ചാമുണ്ണി, അഡ്വ. കെ. രാജൻ എം.എൽ.എ, കെ.ആർ. ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, പി. പ്രസാദ്, എ.കെ. ചന്ദ്രൻ, രാജാജി മാത്യു തോമസ്, പി.പി. സുനീർ എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം, കേന്ദ്ര കൺേട്രാൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.