തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.െഎ. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് വേലി വിളവ് തിന്നുന്ന അവസ്ഥയിലേക്ക് അധഃപതിക്കാൻ അനുവദിക്കരുെതന്ന് പാട്ടി മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തി സി.പി.െഎ നേതാവ് സി. ദിവാകരനും പൊലീസിനെ വിമർശിച്ചു.
കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ജനമൈത്രി പൊലീസ് തുടങ്ങിയതെന്ന് അന്ന് മന്ത്രിയായിരുന്ന ദിവാകരൻ പറഞ്ഞു. പൊലീസിെൻറ മുഖച്ഛായ തന്നെ അത് മാറ്റി. പൊലീസ് അതിക്രമങ്ങൾ പാടില്ലാത്തതാണെന്ന് അന്നേ പഠിപ്പിച്ചതാണ്. പഠിപ്പിച്ചിട്ട് അവർ പഠിക്കുന്നില്ല എന്നത് വേറെ കാര്യം. കൂടുതലൊന്നും പറയുന്നില്ലെന്നും കർഷക സംഘടനകളുടെ രാജ്ഭവൻ ധർണയിൽ ദിവാകരൻ പറഞ്ഞു.
എത്ര രുചികരമായി പാകം ചെയ്ത പാൽപായസവും വിഷലിപ്തമാക്കാൻ ഒരു തുള്ളി വിഷം മതിയെന്ന് ജനയുഗം കുറ്റപ്പെടുത്തി. പൊലീസിെൻറ ഒറ്റപ്പെട്ട അപഭ്രംശങ്ങൾ വൻ രാഷ്ട്രീയ വിവാദമാകുകയും ഇടതു സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുകയും ചെയ്യുന്നത് ഖേദകരമാണ്.
നിയമ വിദ്യാർഥിനി ജീവനൊടുക്കിയതിൽ പൊലീസ് സി.ഐയുടെ പേര് ആത്മഹത്യ കുറിപ്പിൽ സ്ഥാനം പിടിച്ചത് യാദൃച്ഛികമല്ല. മുമ്പ് ഇതേ ഉദ്യോഗസ്ഥൻ മറ്റൊരു കൊലപാതക അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി ആരോപണം വന്നിരുന്നു. ഇയാളെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും എസ്.പി റിപ്പോർട്ട് നൽകി. കൃത്യനിർവഹണത്തിലെ വീഴ്ചക്കപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വ രാഹിത്യവും കുറ്റവാസനയുമാണ് ഇതു തുറന്നുകാട്ടുന്നത്. ഇത്തരക്കാർ കേരള പൊലീസിെൻറ സൽപേരിന് മാത്രമല്ല, ജനാധിപത്യ സമൂഹത്തിനു തന്നെ അപമാനകരമാണ്. കൊച്ചിയിൽ രണ്ടു യുവതികളടക്കം മൂന്നു പേരുടെ മരണം, മോൻസൺ മാവുങ്കലിെൻറ പുരാവസ്തു തട്ടിപ്പ് ഉൾപ്പെടെ പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയ നിഴലിലാണ്. വിവാദങ്ങൾ ആവർത്തിക്കുന്നത് നിയമവാഴ്ചയെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും പൗരജീവിതത്തെ ആശങ്കാകുലമാക്കുന്നു- മുഖപ്രസംഗം മുന്നറിയിപ്പ് നൽകി.
മുഖപ്രസംഗം പാർട്ടി നിലപാട് –കാനം
തൃശൂര്‍: പൊലീസിെൻറ തെറ്റായ നടപടി ചൂണ്ടിക്കാട്ടിയത് സര്‍ക്കാറിനെതിരായ വിമര്‍ശനമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനയുഗം മുഖപ്രസംഗത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത് മാധ്യമങ്ങളുടെ ചുമതലയാണ്. പൊലീസിെൻറ തെറ്റായ നടപടികളെയാണ് വിമർശിച്ചത്. അത് പാർട്ടി നിലപാടാണ്.
കെ-റെയിൽ സംബന്ധിച്ച് യുവകലാസാഹിതി നിലപാട് സി.പി.ഐയുടേതല്ല. സ്വതന്ത്ര സംഘടനയാണ് യുവകലാസാഹിതി. ജനങ്ങള്‍ക്കും ആശങ്കകളുണ്ട്. അതെല്ലാം പരിഹരിച്ചേ പദ്ധതി നടപ്പാക്കൂ - കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.