ആലപ്പുഴ: അഴിമതിമുക്ത ഭരണം ലക്ഷ്യമാക്കി അധികാരത്തില്‍ എത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. ജാഗ്രതക്കൊപ്പം വിവാദങ്ങള്‍ ഒഴിവാക്കണമെന്നുള്ള ഉപദേശമാണ് കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍െറയും പല ശൈലികളെയും കൗണ്‍സില്‍ അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. ഭരണം നടത്തുന്നത് ഇടതുമുന്നണി സര്‍ക്കാറാണെന്നും പിണറായി സര്‍ക്കാര്‍ അല്ളെന്നും ഭരിക്കുന്നവര്‍ ഓര്‍ക്കണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ കാലയളവ് മാത്രം പൂര്‍ത്തിയാക്കിയ ഭരണത്തെ ഇത്രപെട്ടെന്ന് വിലയിരുത്തേണ്ട ആവശ്യമില്ളെങ്കിലും ഇതിനിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ഈ അവസ്ഥയിലേക്ക് എത്തിച്ചുവെന്നാണ് കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. മുന്‍ ഇടതു മുഖ്യമന്ത്രിമാരില്‍നിന്ന് വ്യത്യസ്തമായ പിണറായിയുടെ ശൈലിയും വിമര്‍ശത്തിന് വിധേയമായി. ചിലര്‍ ഇതിനെ ഏകാധിപത്യ ശൈലിയെന്നാണ് വിശേഷിപ്പിച്ചത്.
കണ്ണൂരിലെ അക്രമസംഭവങ്ങള്‍ ക്രമസമാധാന രംഗത്തുണ്ടാക്കിയ ചീത്തപ്പേര് നിസ്സാരമല്ല. ഭരണം നടത്തുന്നവര്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നത് ഭരണകൂടത്തിന്‍െറ അയോഗ്യതയാണെന്നുമാണ് സി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നത്.
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ഭരണത്തിലിരിക്കുന്ന പ്രധാനപ്പെട്ട കക്ഷി ശ്രമിച്ചാല്‍ അത് ബലഹീനതയായി കരുതേണ്ട കാര്യമില്ല. കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ വെറുക്കുമ്പോള്‍ അതിന്‍െറ നഷ്ടം ബി.ജെ.പിക്ക് മാത്രമല്ല ഉണ്ടാകുന്നതെന്ന് ഓര്‍ക്കണം. എല്ലാ കാര്യങ്ങളും വിമര്‍ശ വിധേയമാകുമെന്നത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കണം. ഛിന്നഭിന്നമായ കോണ്‍ഗ്രസിന് യോജിപ്പിന്‍െറ മരുന്ന് നല്‍കാന്‍ ഇത്തരത്തിലുള്ള തെറ്റായ ശ്രമങ്ങള്‍ വഴിവെക്കും.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്തുമാകാമെന്ന് കരുതുന്നത് ശരിയല്ല. ബന്ധുനിയമന വിവാദത്തിലും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശമുയര്‍ത്തി. ഇ.പി. ജയരാജനെ പോലുള്ള മുതിര്‍ന്ന നേതാവ് നടത്തിയ നിയമന വിഷയത്തില്‍ വിജിലന്‍സ് വെരിഫിക്കേഷന്‍ വേണമെന്ന തത്ത്വം മറന്നത് ശരിയായില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് എന്ന നിലയില്‍ അത് പിണറായിക്ക് എതിരെയുള്ള പരോക്ഷ വിമര്‍ശമായി കൗണ്‍സിലില്‍ മാറുകയും ചെയ്തു. സ്ഥലംമാറ്റ-നിയമനങ്ങള്‍ എല്ലാം നടപടിക്രമങ്ങള്‍ പാലിച്ചാകണം.
മുഖ്യമന്ത്രിയുമായി പാര്‍ട്ടി സെക്രട്ടറി ആഴ്ചയിലൊരിക്കല്‍ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്താനുള്ള തീരുമാനം ഭാവിയില്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകുന്നതിന് സഹായകമാകുമെന്നും യോഗം വിലയിരുത്തി. രണ്ടുദിവസമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നിയമസഭ നടക്കുന്നതിനാല്‍ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തില്ല. നടപടിക്ക് വിധേയയായ ബിജിമോളും എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.