സ്വാശ്രയം: സി.പി.ഐക്ക് കടുത്ത അമര്‍ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിക്കാനുള്ള നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ. എല്‍.ഡി.എഫിനെ ഇരുട്ടില്‍നിര്‍ത്തി സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏകപക്ഷീയ നിലപാടില്‍ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയിലാണ്. ഈ മാസം നാലിന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിക്ക് ശേഷം നിലപാട് സി.പി.എം നേതൃത്വത്തെ അറിയിക്കാന്‍ ഒരുങ്ങുകയാണ് സി.പി.ഐ.

സര്‍ക്കാറുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുമുമ്പ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്ന ധാരണയാണ് മുന്നണിനേതൃത്വം കൈക്കൊണ്ടിട്ടുള്ളത്. ഇതുപ്രകാരമാണ് സര്‍ക്കാറിന്‍െറ നൂറുദിന പരിപാടികള്‍ അടക്കം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തതും അംഗീകരിച്ചതും. ഏറ്റവുമൊടുവില്‍ സെപ്റ്റംബര്‍ 20നാണ് എല്‍.ഡി.എഫ് സംസ്ഥാനസമിതി ചേര്‍ന്നത്. എന്നാല്‍, അന്നത്തെ യോഗത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് ഒന്നും മുഖ്യമന്ത്രി അറിയിച്ചില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫിനെ പ്രതിരോധത്തില്‍നിര്‍ത്തിയതാണ് സ്വാശ്രയ വിഷയം. അതില്‍ പുതിയ നിലപാട് സ്വീകരിക്കുമ്പോള്‍ അത് തങ്ങളുമായി സര്‍ക്കാര്‍ ആലോചിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് ഘടകകക്ഷി നേതാക്കള്‍ക്ക്.

ന്നണിനേതൃത്വത്തെപോലും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ടുപോകുന്നത് എല്‍.ഡി.എഫിന് രാഷ്ട്രീയമായി ഗുണംചെയ്യില്ളെന്ന ആക്ഷേപവും സി.പി.ഐ അടക്കമുള്ള കക്ഷികളുടെ നേതൃത്വത്തിനുണ്ട്. സാധാരണഗതിയില്‍ സര്‍ക്കാറിനെതിരായ രാഷ്ട്രീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഘടകകക്ഷി നേതൃത്വങ്ങള്‍ സജീവമായി രംഗത്ത് വരാറുണ്ട്. എന്നാല്‍, സ്വാശ്രയവിവാദത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ളവയുടെ നേതാക്കള്‍ സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ രംഗത്തുവന്നിട്ടില്ല.

സര്‍ക്കാര്‍ വരുത്തിവെച്ച വിവാദം അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന നിലപാടാണ് അവര്‍ക്ക്. സ്വാശ്രയവിഷയത്തില്‍ എന്നും സമരരംഗത്ത് സജീവമായി ഇടപെടുന്ന എ.ഐ.വൈ.എഫ് നേതൃത്വവും സര്‍ക്കാര്‍ നിലപാടില്‍ അമര്‍ഷത്തിലാണ്.

Tags:    
News Summary - cpi medical admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.