കൊല്ലം: സി.പി.ഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ച കൊല്ലത്ത് തുടക്കം. കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ (സി.കെ. ചന്ദ്രപ്പന് നഗര്‍) വൈകീട്ട് അഞ്ചിന് ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍റെഡ്ഡി ചെങ്കൊടി ഉയര്‍ത്തും. കയ്യൂരില്‍നിന്നുള്ള പതാകയും ശൂരനാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് കൊണ്ടുവരുന്ന കൊടിമരവും വയലാറില്‍നിന്നുള്ള ദീപശിഖയും വൈകുന്നേരത്തോടെ ചന്ദ്രപ്പന് നഗറില്‍ എത്തും.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പുതുച്ചേരിയില്‍നിന്ന് ദേശീയ കൗണ്‍സില്‍ അംഗം ആര്. വിശ്വനാഥന് കൊണ്ടുവരുന്ന പതാക വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ.ബി. ബര്ദന് നഗറില്‍ (ആശ്രാമം യൂനുസ് കണ്വെന്ഷന് സെൻറര്‍) എത്തിക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കണ്ട്രോള് കമീഷന് അംഗവുമായ സി.എ. കുര്യന് പതാക ഉയര്‍ത്തും. തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.
സി.പി.ഐ ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷമിം ഫെയ്സി, അതുല്‍കുമാര്‍ അഞ്ജാന്‍, അമര്‍ജിത് കൗര്‍ തുടങ്ങിയവര്‍ കൊല്ലത്തെത്തി. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ആദ്യ പ്രതിനിധിയായി എത്തിയത് മഹാരാഷ്ട്രയിലെ മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ കൗണ്‍സില്‍ അംഗവുമായ ഡോ. ബാലചന്ദ്ര കാന്‍ഗോ ആയിരുന്നു. അദ്ദേഹത്തെ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റേഷനില്‍ തുറന്ന റിസപ്ഷന് കൗണ്ടറില്െവച്ച് ദേശീയ കൗണ്‍സില്‍ അംഗം കെ. പ്രകാശ്ബാബു സ്വീകരിച്ചു. റിസപ്ഷന് കൗണ്ടറിെൻറ ഉദ്ഘാടനവും പ്രകാശ്ബാബു നിര്‍വഹിച്ചു.
സമ്മേളനത്തിെൻറ മുന്നോടിയായി നടന്ന പുലികളി നഗരവാസികളെ ആകര്‍ഷിച്ചു. പത്തോളം പുലികളാണ് നഗരത്തില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം ക്രേവന്‍ സ്കൂളില്‍ ആരംഭിച്ച എക്സിബിഷനും ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചരിത്രപ്രദര്‍ശനം, വിവിധ കാര്‍ഷിക ഏജന്‍സികളുടെ പ്രദര്‍ശനവും വിപണനവും, പുസ്തക പ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രതിനിധികള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള പാചകപ്പുര പ്രതിനിധിസമ്മേളന സ്ഥലത്തിന് സമീപം തുറന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാചകപ്പുരയുടെ പാലുകാച്ചല്‍ കര്‍മം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.