കാഞ്ഞങ്ങാട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടി മുന്നിൽ കണ്ട് ഭൂരിപക്ഷ സ മുദായത്തിലെ സവർണ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സി.പി.എമ്മിെൻറ നീക്കം. ഇടതുമുന്നണി ഭരണത്തിൻകീഴിൽ വിശ്വാസികൾക്ക് രക്ഷയില്ലെന്ന് ധരിച്ചവരാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരായി വോട്ട് ചെയ്തതതെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ടായതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെഴുതിയ ‘ജനമനസ്സിലൂടെ’ എന്ന ലേഖനത്തിൽ സമ്മതിക്കുന്നു. തെരെഞ്ഞടുപ്പിൽ തങ്ങളെ കൈവിട്ട ഹിന്ദുസമുദായത്തിലെ സവർണവിഭാഗത്തെ ഒപ്പം നിർത്താൻ സാമ്പത്തിക സഹായം ഉൾെപ്പടെയുള്ള വാഗ്ദാനങ്ങളും ഉറപ്പുനൽകിയാണ് സി.പി.എമ്മിെൻറ ഗൃഹസമ്പർക്ക പരിപാടി മുന്നോട്ട് പോകുന്നത്.
ഗൃഹസമ്പർക്ക പരിപാടിക്കിടെ തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവിലെത്തിയപ്പോഴുണ്ടായ അനുഭവം കോടിയേരി ലേഖനത്തിൽ വിവരിക്കുന്നത് ഇങ്ങനെ: ‘‘അഗ്രഹാരത്തിലെ ഒരു കാരണവർ പറഞ്ഞു: ‘ഈ അഗ്രഹാരത്തിൽതന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവർക്ക് രക്ഷ നൽകാൻ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം.’ ഈ ആവശ്യം വളരെ ന്യായമാണ്. ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാൻ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സർക്കാറിെൻറയും ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാമെന്നും തുടർനടപടിയെടുപ്പിക്കാമെന്നും ഉറപ്പുനൽകി’’യാണ് അവിടെനിന്ന് മടങ്ങിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന പാർട്ടിയുടെ പ്രഖ്യാപിത നിലപാടിനെയും സെക്രട്ടറിയുടെ ലേഖനത്തിൽ തിരുത്തുന്നു. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകൾ, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികൾ കരുതുന്ന സ്ത്രീകൾ, ക്ഷേത്രത്തിൽ കയറിയത് സർക്കാറിനും എൽ.ഡി.എഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന അഭിപ്രായവും ലേഖനത്തിൽ മുഖവിലക്കെടുക്കുന്നുണ്ട്. ശബരിമല വിഷയവും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് കോടിയേരി ലേഖനത്തിൽ തുറന്നുപറയുന്നു. സംസ്ഥാന സർക്കാറിെൻറ മികവ് എടുത്തുപറയുന്ന കോടിയേരി പൊലീസിെൻറ പ്രവർത്തനങ്ങളിലെ ജാഗ്രതക്കുറവും പറയുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലും കൈപൊള്ളിയ സി.പി.എം ഇതു മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പൊടുന്നനെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമിട്ടത്. സാധാരണഗതിയിൽ സംസ്ഥാനമൊട്ടുക്കും നടത്തുന്ന ഒരു കാമ്പയിൻ പ്രവർത്തനങ്ങൾക്ക് വ്യാപക പ്രചാരണവും പാർട്ടി മുഖപത്രത്തിലൂടെ ആഹ്വാനവുമുണ്ടാകാറുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമായാണ് ഇക്കുറി ഗൃഹസമ്പർക്ക പരിപാടിക്ക് സി.പി.എം തുടക്കമിട്ടത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗൃഹസമ്പർക്ക പരിപാടി ഞായറാഴ്ച സമാപിക്കും. അതേസമയം, എന്നും പാർട്ടിയുടെ വോട്ടുബാങ്കായ കർഷകതൊഴിലാളികൾ അടങ്ങുന്ന പിന്നാക്കവിഭാഗത്തിൽപെടുന്നവരെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിൽ ഒന്നും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.