ന്യൂഡൽഹി: അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ അഖിലേന്ത്യാ സഖ്യം വേണ്ടെന്ന് സി.പി.എം മുഖപത്രം. പകരം, സംസ്ഥാന തലത്തിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ഏറ്റവും ഫലപ്രദമായ തെരഞ്ഞെടുപ്പ് തന്ത്രമെന്നും പ്രകാശ് കാരാട്ട് എഡിറ്ററായ ‘പീപ്പ്ൾസ് ഡെമോക്രസി’ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലവും 1993ലെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് പത്രത്തിെൻറ മുഖപ്രസംഗം. കോൺഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറയും നേതൃത്വത്തിൽ ബംഗാൾ, കേരള ഘടകങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. പാർട്ടി കോൺഗ്രസാണ് തീരുമാനം എടുക്കാനുള്ള അവസാന വേദിയെന്നാണ് യെച്ചൂരി പ്രസ്താവിച്ചത്. അതിനിടെയാണ് കോൺഗ്രസുമായി ഏതെങ്കിലും തരത്തിൽ ദേശീയ ബന്ധത്തിനുള്ള അവസാനത്തെ സാധ്യതയും തള്ളിക്കളയുന്ന നിലപാട് മുഖപത്രം പ്രസിദ്ധീകരിച്ചത്.
പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംഘടന റിപ്പോർട്ടിെൻറ കരട് തയാറാക്കാൻ മാർച്ച് 28ന് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നുണ്ട്. ജനുവരിയിൽ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം മതേതര, ജനാധിപത്യശക്തികളെ അണിനിരത്തി ബി.ജെ.പിയെയും കൂട്ടാളികളെയും പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമായി പറഞ്ഞത്. പക്ഷേ, കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ ആവണം ഇതെന്നും വ്യക്തമാക്കി. ബി.എസ്.പി പിന്തുണയോടെ സമാജ്വാദി പാർട്ടി ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫൂൽപുർ ലോക്സഭാ മണ്ഡലങ്ങൾ വിജയിച്ചത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഭാവി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംബന്ധിച്ച് വിലയേറിയ പാഠങ്ങൾ നൽകുന്നുവെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസിെൻറയും പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലും വ്യത്യസ്തമായി സഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് വാദിക്കുന്ന മുഖപത്രം സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര പാർട്ടികൾ ഒന്നിച്ചുനിൽക്കുന്നതാണ് ഫലപ്രദമെന്ന് പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള ഫലപ്രദമായ വഴി എല്ലാ പ്രതിപക്ഷ പാർട്ടികളും അഖിലേന്ത്യാ സഖ്യത്തിലേക്ക് പോകാതിരിക്കലാണെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകിയ രണ്ടാമത്തെ പാഠം. ‘യു.പി.എ രീതിയിലുള്ള സഖ്യം കെട്ടിപ്പടുക്കാനുള്ള കോൺഗ്രസിെൻറ പ്രതീക്ഷ വിജയിക്കില്ല. ബദൽ പരിപാടികൾവെച്ച് അത്തരമൊരു സഖ്യത്തെ നയിക്കാനുള്ള വിശ്വാസ്യത കോൺഗ്രസിനില്ല. ബി.ജെ.ഡി, ടി.ആർ.എസ്, ടി.ഡി.പി എന്നീ പാർട്ടികൾ കോൺഗ്രസുമായി സഖ്യം അംഗീകരിക്കുകയില്ല.
സി.പി.എമ്മും കോൺഗ്രസുമായി ദേശീയ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതാണ്. ഒപ്പം ബി.ജെ.പി, കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപവത്കരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രമവും പരാജയപ്പെടും. ഡി.എം.കെയെയും ആർ.ജെ.ഡിയെയും പോലുള്ള പ്രാദേശിക പാർട്ടികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പമാണ്. മാത്രമല്ല, പ്രാദേശിക പാർട്ടികൾ തമ്മിൽ നയങ്ങളിന്മേലും പ്രാദേശിക താൽപര്യങ്ങളുടെ പേരിലുമുള്ള വൈരുധ്യവും അവയുടെ ഒന്നിച്ചുചേരലിന് തടസ്സമാവും.ബാബരി മസ്ജിദ് പൊളിച്ചതിനുശേഷം ഉത്തർപ്രദേശിലെ സർക്കാറിനെ പിരിച്ചുവിട്ട് 1993ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന ജ്യോതിബസു ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കും പാർട്ടിക്കും വോട്ടുനൽകാൻ ജനങ്ങളോട് അഭ്യർഥിച്ചതും മുഖപത്രം ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.