പാലക്കാട്: സാമൂഹിക മാധ്യമങ്ങളിൽ സജീവ ഇടപെടലിന് സി.പി.എം രൂപവത്കരിക്കുന്ന ‘സൈബർ ബ്രിഗേഡ്’ പഴുതടച്ചതാകണമെന്ന് പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് കർശന നിർദേശം നൽകി. മുമ്പ് രണ്ടുതവണ ബ്രിഗേഡിന് നീക്കം നടത്തിയെങ്കിലും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാന-ജില്ല തലങ്ങളിൽ പ്രത്യേകം ടീമുകൾ രൂപവത്കരിച്ച് ആവശ്യമായ തയാറെടുപ്പോടെ മാത്രം നീങ്ങണമെന്ന നിർദേശം. കൂടുതൽ പ്രയോജനം ചെയ്യുന്ന ട്വിറ്റർ ഉപയോഗം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയോട് ആഭിമുഖ്യവും സാങ്കേതികവിദ്യയിൽ പ്രാവീണ്യവും സാമൂഹിക മാധ്യമങ്ങളിൽ കൃത്യമായി ഇടപെടുന്നവരെയും പ്രത്യേകം കണ്ടെത്തി ചുമതലക്കാരായി ഒാരോ ജില്ലയിലും നിയമിച്ചു. ഈ ടീം താഴെത്തട്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. ലോക്കൽ കമ്മിറ്റി തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ക്ലാസുകൾ പൂർത്തിയായി. അടുത്ത ഘട്ടത്തിൽ ഏരിയ കമ്മിറ്റി തലത്തിലുള്ളവർക്ക് ക്ലാസുകളുണ്ടാകും.യുവാക്കൾ കൂടുതലായി ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ സക്രിയമായി ഇടപെട്ട് അഭിപ്രായ രൂപവത്കരണം നടത്തുക എന്നതാണ് ലക്ഷ്യം. മുമ്പ് സമാനമായ രീതിയിൽ ഇടപെടുന്നതിന് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല.
വിഷയാധിഷ്ഠിതമായി സി.പി.എം നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കുക, ഓരോ സംഭവങ്ങളിലേയും പാർട്ടി നിലപാടുകൾക്ക് അനുസരിച്ച് മാത്രം പ്രതികരിക്കുക എന്നീ നിർദേശവും തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. സ്വന്തം പേരിലുള്ള അക്കൗണ്ട് വഴി സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നവർ രാഷ്ട്രീയം മാത്രം പറഞ്ഞാൽ പോരെന്ന നിർദേശവുമുണ്ട്. രാഷ്ട്രീയം മാത്രം പറയുന്നത് വിചാരിച്ച ഫലം നൽകില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ, കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ പോസ്റ്റുകൾ ഉണ്ടാവണമെന്നും നിർദേശമുണ്ട്. കേരളത്തിൽ ഫേസ്ബുക്കോളം പ്രചാരത്തിലില്ലാത്ത ട്വിറ്റർ ഉപയോഗം വർധിപ്പിക്കണമെന്ന് താഴെത്തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പ്രശ്നങ്ങളിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് സംഘടിതമായി പ്രചരിപ്പിക്കുന്നതിനാണിത്.
സാമൂഹിക മാധ്യമങ്ങളുടെ അനന്തസാധ്യത കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിച്ചത് ബി.ജെ.പിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാർട്ടിക്കാരും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത്തരം ഇടപെടലുകൾക്ക് തുടർച്ചയുണ്ടാകാനാണ് സി.പി.എം ശ്രമം. മറ്റു ചില രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ സ്വകാര്യ ഏജൻസിയെ ഏൽപിക്കലാണ് പതിവ്. തങ്ങൾക്ക് പാർട്ടി സംവിധാനമുള്ളത് കൊണ്ടാണ് പ്രവർത്തകരെ ഉൾപ്പെടുത്തി ഇങ്ങെനയൊരു സംവിധാനം ഒരുക്കുന്നതെന്ന് സി.പി.എം നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.