മണി വിഷയം: സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനൊപ്പം

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ രാജി കാര്യത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട് വി.എസ്. അച്യുതാനന്ദന്‍െറ ആവശ്യം പരോക്ഷമായി തള്ളുന്നത്. സ്വന്തം പാളയത്തില്‍നിന്നുതന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ക്ക് തിരശ്ശീലയിടുക കൂടിയാണ് ഇതുവഴി. മണിയുടെ രാജി കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. ഇതു സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടിനുള്ള അംഗീകാരമാണ്.

മണി രാജിവെക്കേണ്ടതില്ല, യു.ഡി.എഫ് സര്‍ക്കാറിന്‍െറ രാഷ്ട്രീയ ഗൂഢാലോചനയാണ് കേസ് എന്നാണ് സി.പി.എം വിലയിരുത്തല്‍. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മണിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മണി എം.എല്‍.എയും മന്ത്രിയും ആകുന്നതിനു മുമ്പുള്ള കേസാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രസംഗത്തിന്‍െറ പേരില്‍ ഒരാളെ പ്രതിയാക്കരുതെന്ന് മണിയെ വെറുതെവിട്ട ബാലു വധക്കേസിലെ സുപ്രീംകോടതി വിധി അടക്കം ഉപയോഗിക്കാനാണ് സി.പി.എം ലക്ഷ്യവും. ഈ നിലപാടാണ് കേന്ദ്ര നേതൃത്വവും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

സ്വന്തം പാളയത്തില്‍ പട കാരണം കോണ്‍ഗ്രസ് ഗ്രൂപ് പോര് മുതലെടുക്കാന്‍ കഴിഞ്ഞില്ളെന്ന വിലയിരുത്തലാണ് സംസ്ഥാന കേന്ദ്ര നേതൃത്വത്തിന്. പി.ബിക്ക് വി.എസ് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായതും വിവാദമായതും രാഷ്ട്രീയ മേല്‍ക്കോയ്മക്ക് തിരിച്ചടിയായി. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലുമാണ്. സംഘടനയില്‍ പറയേണ്ടത് രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയെന്നും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് കോട്ടമായെന്നുമാണ് നേതാക്കളുടെ അഭിപ്രായം. ഇതു സംബന്ധിച്ച ചര്‍ച്ച ഒട്ടാകെ അവസാനിപ്പിക്കണമെന്ന നിലപാടാണ് പി.ബിക്ക്. മൂന്ന് പി.ബി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള ഘടകത്തിന് സംസ്ഥാനത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ കാര്യത്തിനും ഇടപെടുക എന്നനിലയിലേക്ക് പോകുന്നതിനു കേന്ദ്ര നേതൃത്വത്തിനു താല്‍പര്യവുമില്ല.

കത്തിന്‍െറ അസ്തിത്വംതന്നെ തള്ളുന്ന നിലപാടിലേക്ക് നേതൃത്വം പോയതിനു പിന്നില്‍ ഇതാണെന്നാണ് സൂചന. ജനുവരി ആദ്യം കേന്ദ്ര കമ്മിറ്റിയില്‍ വി.എസ് തന്‍െറ ആവശ്യം ഉന്നയിച്ചാല്‍  മാത്രം അതു പരിഗണിക്കും. രാഷ്ട്രീയ ധാര്‍മികത അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്താന്‍ യു.ഡി.എഫിന് അവകാശമില്ളെന്നിരിക്കെ വി.എസ് അതിനു വാതില്‍ തുറന്നുകൊടുത്തെന്ന ആക്ഷേപമാണ് സംസ്ഥാന ഘടകത്തിന്.

Tags:    
News Summary - cpm central committee support kerala cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.