ജനറൽ സെക്രട്ടറി കരട് രാഷ്ട്രീയരേഖ അവതരിപ്പിക്കാത്തത് ആദ്യമായല്ലെന്ന് യെച്ചൂരി

ഹൈദരാബാദ്: രാഷ്ട്രീയ പ്രമേയത്തിലെ വ്യത്യസ്ത നിലപാടുകൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടാണ് അവതരിപ്പിച്ചത്. ഇതിൽ വിയോജിപ്പ് ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ ന്യൂനപക്ഷ നിലപാട് താനും അവതരിപ്പിച്ചു. രാഷ്ട്രീയ പ്രമേയത്തിലെ അഭിപ്രായ ഭിന്നത മൂലം രണ്ടു രാഷ്ട്രീയ നിലപാടുകളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. 

ജനറൽ സെക്രട്ടറി കരട് രാഷ്ട്രീയരേഖ അവതരിപ്പിക്കാത്തത് ഇതാദ്യമായല്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പല തവണ ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഭേദഗതികളുടെ എണ്ണം നാളെയേ അറിയൂ. തന്‍റെ ബദൽ രേഖയും പാർട്ടി കോൺഗ്രസിൽ പരിഗണിക്കുന്നത് കാണിക്കുന്നത് സി.പി.എമ്മിന്‍റെ ജനാധിപത്യ സ്വഭാവമാണെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഹരജി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും യെച്ചൂരി പറഞ്ഞു. 

രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചർച്ചയിൽ 13 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ സംസാരിച്ചു. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ നിലപാടിനെ പിന്തുണച്ചതായി റിപ്പോർട്ട്. ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നു. കൂടാതെ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണമെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - CPM Party Congress Sitaram Yechury -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.