ആനി രാജയും, പന്ന്യനും, സുനിൽ കുമാറും, അരുൺ കുമാറും; സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ലോകസഭ തെരഞ്ഞെുപ്പിനുള്ള സി.പി.ഐ സ്ഥാനാർഥിപ്പട്ടികയായി. വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ് സുനിൽ കുമാർ, മാവേലിക്കര സി.എ അരുൺ കുമാർ  എന്നിവർ മത്സരിക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് തീരുമാനം ഔദ്യോഗികമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു.

ആനി രാജ

സി.പി. ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറല്‍ സെക്രട്ടറിയുമാണ് ആനി രാജ. മണിപ്പൂരിലടക്കം വസ്തുതാന്വേഷണത്തില്‍ അംഗമായി. ദേശീയ തലത്തിൽ വിവിധ വിഷയങ്ങളിൽ വലിയ ഇടപെടലുകൾ നടത്തി. ദേശീയ തലത്തിൽ  ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ആനിരാജ വയനാട്ടിൽ മത്സരിക്കു​ന്നതോടെ രാഹുൽ ഗാന്ധി ഇത്തവണ മത്സരരംഗത്തുണ്ടാകുമോ​െയന്നാണ് ഏവരും ഉറ്റുനോക്കുകയാണ്. 

കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. സ്കൂൾ പഠന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.

പന്ന്യൻ രവീന്ദ്രൻ

സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ നിലവിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനിച്ചു. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലാളിയായി. പതിനഞ്ചാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായി. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ല സെക്രട്ടറി.

പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും വി.ഡി. സതീശനോട് പരാജയപ്പെട്ടു.

1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 ൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായി. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.  2012 ഏപ്രിൽ ഒമ്പതിന് സംസ്ഥാന സെക്രട്ടറിയായി. 2015 മാർച്ചിൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു.

വി.എസ്. സുനിൽ കുമാർ

മുൻ മന്ത്രിയാണ് വി.എസ്. സുനിൽ കുമാർ. ഹൈസ്കൂൾ ജീവിതകാലത്ത് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത് . തൃശൂർ കേരള വർമ്മ കോളജിലെ പൂർവ വിദ്യാർഥിയും തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി . എ.ഐ.എസ്.എഫ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വ്യത്യസ്ത പദവികൾ വഹിച്ച അദ്ദേഹം 1998 ൽ ദേശീയ സെക്രട്ടറിയായിരുന്നു. 2011-ൽ കൈപ്പമംഗലം മണ്ഡലത്തിൽ നിന്നും 2016-ൽ തൃശൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Tags:    
News Summary - Decision in CPI Executive; Annie Raja, Pannyan Ravindran, VS Sunil Kumar, CA Arun Kumar are the candidates.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.