ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം. വിഭാഗീയത രൂക്ഷമായ മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടതായാണ് വിവരം. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ എന്നിവരടക്കമുള്ള നേതാക്കളെ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് തരംതാഴ്ത്തി. ലഹരിക്കടത്തുകേസിൽ ആരോപണവിധേയനായ ആലപ്പുഴ നഗരസഭ കൗൺസിലർ എ. ഷാനവാസിനെ പുറത്താക്കി. ജില്ലയിലെ വിഭാഗീയത ചർച്ചചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ജില്ലകമ്മിറ്റി ഓഫിസിൽ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
വിഭാഗീയതയും ചേരിതിരിവും രൂക്ഷമായ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ചൊവ്വാഴ്ച എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ കുറ്റാരോപിതരായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വീകരിച്ച നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ ചേരിതിരിഞ്ഞ് രൂക്ഷമായ വിമർശനമുണ്ടായി. തുടർന്നാണ് നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം പേരെ നിലവിലെ പാർട്ടി പദവികളിൽനിന്ന് ഒരു സ്റ്റെപ് തരംതാഴ്ത്താൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നേതാക്കളുടെ പങ്ക് കൃത്യമായി കണ്ടെത്തിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി.
ജില്ലയിൽ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലാണ് ചേരിതിരിവും വിഭാഗീയതയും പ്രകടമായത്. ആലപ്പുഴ സൗത്ത്-നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ആലപ്പുഴ നോർത്തിലെ ഏരിയ സമ്മേളനം തർക്കത്തെ തുടർന്ന് ഒരുമണിക്കൂറോളം നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.