കോഴിക്കോട്: സ്ഥാനാർത്ഥി നിർണയ തർക്കം ഒരു വിധം കടവിലടുപ്പിച്ച മാണി വിഭാഗം കേരള കോൺഗ്രസിന് ഇനിയുള്ള തലവേദന ചിഹ്നത്തെ ചൊല്ലിയുള്ള തമ്മിലടി. രണ്ടില ചിഹ്നം ഒരു കാരണവശാലും വിട്ടുനൽകാനാവില്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാൽ ഈ നിലപാട് സ്ഥാനാർത്ഥി നിർണയത്തിൽ എന്ന പോലെ വിമതർക്ക് തിരിച്ചടിയാകാനാണ് സാധ്യത. പാർട്ടി ഭരണഘടനയനുസരിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും ചിഹ്നം അനുവദിക്കാനുമുള്ള പരമാധികാരം പാർട്ടി സ്റ്റിയറിങ് കമ്മറ്റിക്കാണ്. പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട കേസിനോടനുബന്ധിച്ച് തൊടുപുഴ മുൻസിഫ് കോടതിയിൽ പി.ജെ. ജോസഫ് നൽകിയ രേഖകളിൽ തന്നെ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് മുൻസിഫ് കോടതി പുറപ്പെടുവിച്ച വിധിയിൽ കാണിച്ചിരിക്കുന്ന എ2 എന്ന രേഖ 2018 ഏപ്രിൽ 30 ന് കെ.എം. മാണി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമർപിച്ച 99 അംഗ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയുടെ ലിസ്റ്റാണ്. എ3 എന്നത് പാർട്ടിയുടെ ഭരണഘടനയും. ഇത് പരിശോധിച്ചാൽ തന്നെ ചിഹ്നം അനുവദിക്കില്ലെന്ന പി.ജെ. ജോസഫിെൻറ നിലപാട് നിയമവിരുദ്ധമാണെന്ന് വ്യക്തമാകുമെന്ന് ജോസ് കെ. മാണി വിഭാഗം പറയുന്നു. ഭരണഘടനയുടെ 16ാം പേജിൽ കൊടുത്തിരിക്കുന്ന 16 ാം വകുപ്പിെൻറ 10ാം ഉപവകുപ്പനുസരിച്ച് പാർട്ടി സ്റ്റിയറിങ് കമ്മറ്റിക്കാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും ചിഹ്നം അനുവദിക്കാനുമുള്ള അധികാരം.
രേഖകൾ പരിശോധിച്ച് മാത്രം തീരുമാനം എടുക്കാൻ ബാധ്യസ്ഥരായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള നടപടികളിലാണ് ഔദ്യോഗിക വിഭാഗം. പാർട്ടിയുടെ നിയമാവലി അറിയാതെ തെറ്റായ തീരുമാനം എടുക്കുന്നവർ അത് തിരുത്തണമെന്നും മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 99 അംഗ സ്റ്റിയറിങ് കമ്മറ്റിയിൽ 96 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇതിൽ 64 പേർ ജോസ് കെ. മാണിക്കൊപ്പവും 24 പേർ ജോസഫിനൊപ്പുമാണെന്ന് ഇരു വിഭാഗവും വിളിച്ചുചേർത്ത യോഗങ്ങളിൽ നിന്ന് വ്യക്തമായതാണ്. ഈ സാഹചര്യത്തിൽ ചിഹ്നം അനുവദിക്കാനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിൽ തന്നെ നിലനിൽക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കി പരിഹരിക്കാവുന്ന കാര്യം വഷളാക്കുന്നതിൽ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും അവർ വിശ്വസിക്കുന്നു. ഏത് വിഭാഗത്തിനാണ് ഭൂരിപക്ഷം കൂടുതൽ എന്നറിയണമെങ്കിൽ യു.ഡി.എഫ്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിെൻറയും യോഗം വിളിച്ചാൽ മതിയെന്ന നിർദേശവും ജോസ് കെ. മാണി വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാൽ, ജോസ് കെ. മാണി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ജോസ് ടോം പുലിക്കുന്നേലിനെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട 21 പേരിൽ ഒരാളാണ് അദ്ദേഹമെന്നും അതിനാൽ തന്നെ അങ്ങനെയൊരാൾക്ക് ചിഹ്നം നൽകാനാവില്ലെന്നുമാണ് ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.