കൊച്ചി: ഒരു പാലമിട്ടാൽ പാലായിൽ മാത്രമല്ല എറണാകുളത്തും പറ്റുമെങ്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് മണ്ഡലങ്ങളിലും അതിെൻറ പ്രയോജനം വേണമെന്ന ചിന്തയിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും. പാലാ ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്തെ പാലാരിവട്ടം പാലം മുഖ്യ പ്രചാരണ വിഷയമായിരുന്നു. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുേമ്പാൾ സ്വാഭാവികമായും ഇവിടെയും വിഷയം കത്തും. ഇല്ലെങ്കിൽ കത്തിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.
പാലാ ഉപതെരഞ്ഞെടുപ്പ് വേളയിലാണ് പാലം അഴിമതിയുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായത്. ടി.ഒ. സൂരജ് ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെയും മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെയും മാറിയും മറിച്ചും ചോദ്യം ചെയ്തു. ഇബ്രാഹിം കുഞ്ഞ് ഒളിവിലാണെന്നും മണിക്കൂറുകൾക്കകം അറസ്റ്റ് ഉണ്ടാകുമെന്നും അഭ്യൂഹം ശക്തമായി. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വിജിലൻസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു ഇക്കാര്യത്തിൽ മന്ത്രിക്ക് മനസ്സറിവില്ലെന്ന്.
എറണാകുളത്തടക്കം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിന്നെയും ചിത്രം മാറി. നിർമാണക്കമ്പനിക്ക് മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്നാണ് വിജിലൻസ് ഇപ്പോൾ പറയുന്നത്. എൽ.ഡി.എഫ് പാലമെടുത്തിട്ടാൽ തങ്ങളും വിടില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. കരാർ കമ്പനിയിൽനിന്ന് നഷ്ടം ഈടാക്കി അറ്റകുറ്റപ്പണി നടത്തി പാലം തുറന്നുകൊടുക്കേണ്ടതിന് പകരം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് വിഷയം നീട്ടിക്കൊണ്ടുപോകുന്ന ഇടതുമുന്നണിയുടെ കാപട്യം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ് പ്രചാരണത്തിെൻറ ചുമതലക്കാരൻ വി.ഡി. സതീശൻ എം.എൽ.എ പറയുന്നു.
മുൻ യു.ഡി.എഫ് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി എറണാകുളത്തും പാലം പ്രചാരണ വിഷയമാക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ നൽകുന്ന സൂചന. ഇരു മുന്നണികളുടെയും അഴിമതിയുടെ അടയാളമായി പാലാരിവട്ടം പാലത്തെ ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.