'വികസനം മുതൽ വിശ്വാസം വരെ': സി.പി.എം ഭവന സന്ദർശന പരിപാടിക്ക് തുടക്കം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കലായി വികസനം മുതൽ വിശ്വാസം വരെ വിശദീകരിച്ച് സി.പി.എമ്മിന്‍റെ ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. കരുതൽ മേഖലയും സിൽവർലൈനുമടക്കം വിശദീകരിച്ചും പൗരത്വ നിയമം മുതല്‍ വിശ്വാസ സംരക്ഷണം വരെ പരാമർശിച്ചാണ് സന്ദർശനങ്ങൾ പുരോഗമിക്കുന്നത്.

ഒപ്പം കേന്ദ്രസർക്കാറിന്റെ അവഗണനയും സർക്കാറിന്റെ ജനപക്ഷ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഇടതുപക്ഷ ബദൽ രാഷ്ട്രീയവുമടക്കം ചർച്ച ചെയ്യുന്നുണ്ട്. ആദ്യദിനം മുക്കാൽ ലക്ഷം സ്ക്വാഡുകൾ ഭവന സന്ദർശനം നടത്തി. സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് നേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം.

തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യദിനം. പാർട്ടിയെയും സർക്കാറിനെയും കുറിച്ച് ജനങ്ങളുടെ മനസ്സിലെന്താണ് എന്ന് അറിയുന്നതിനും തിരുത്തേണ്ട എന്തെങ്കിലും ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനുമാണ് ഇതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

2025ൽ ആർ.എസ്.എസിന്‍റെ നൂറാം വാർഷികമാണ്. ഹിന്ദുരാഷ്ട്രം വേണമെന്നതാണ് അവരുടെ രൂപവത്കരണ മുദ്രാവാക്യം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് കൂടി ബി.ജെ.പി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങും. മതധ്രുവീകരണത്തിനെതിരെ മുഴുവൻ ആളുകളെയും ഒന്നിച്ചു കൊണ്ടുപോകാനാണ് സി.പി.എം ആഗ്രഹിക്കുന്നത്. അതിൽ മതവും ജാതിയുമില്ല- ഗോവിന്ദൻ വ്യക്തമാക്കി. ജനുവരി 21 വരെയാണ് ഗൃഹ സന്ദർശനം.

Tags:    
News Summary - From Development to Trust: CPM Home Visit Program Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.