സംരക്ഷണം നൽകുന്നത് ഇരട്ടത്താപ്പ് ; രാജയെ അയോഗ്യനാക്കി ഉടനേ വിജ്ഞാപനമിറക്കണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം : ദേവികുളം എം.എ.ല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈകോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തില്‍ ഇതിനുമുമ്പ് സ്റ്റേയുടെ കാലാവധി തീര്‍ന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ് വഴക്കം.

എന്നാല്‍, സ്വന്തം മുന്നണിയിലെ ദേവികുളം എം.എൽഎക്ക് ഈ കീഴ് വഴക്കം മറന്ന് സംരക്ഷണം നൽകുന്നത് ഇരട്ടത്താപ്പാണ്. മാര്‍ച്ച് 20നാണ് ദേവികുളം എം.എല്‍എ.യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്റ്റേയുടെ കാലാവധി മാര്‍ച്ച് 31ന് തീരുകയും കാലാവധി നീട്ടാന്‍ ഹൈകോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീംകോടതി കേസ് പരിഗണനക്ക് എടുത്തിട്ടുമില്ല.

സ്റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസര്‍ക്കാരുകളുടെ കാലത്തെ കീഴ് വഴക്കം. 1997ല്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 1997 നവംമ്പർ 10 ന് സ്റ്റേയുടെ സമയപരിധി തീര്‍ന്നതിന്റെ പിറ്റേ ദിവസം 11ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി വിജ്ഞാപനം ഇറക്കി.

കെ.എം ഷാജിയുടെ നിയമസഭാംഗത്വം നിയമസഭാംഗത്വം 2018 സെപ്തംബർ ഒമ്പതിന് ഹൈകോടതി അസാധുവായി പ്രഖ്യാപിക്കുകയും നവംമ്പർ 23ന് വരെ സ്റ്റേ നൽകുകയും ചെയ്തിരുന്നു. സ്റ്റേ നീട്ടാതിരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം 24ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി വിജ്ഞാപനമിറക്കി. രണ്ടും ഇടതുസര്‍ക്കാരുകളുടെ കാലത്തെ സംഭവങ്ങളാണ്.

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ. രാജയ്ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡി.ജി.പിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിനെ ഭയന്ന് നീതി നിര്‍വഹിക്കപ്പെടുന്നില്ല. വ്യാജജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക, രേഖകളില്‍ കൃത്രിമത്വം കാട്ടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ സി.പി.എമ്മുകാര്‍ ചെയ്താല്‍ അതു കാണാന്‍ ഇവിടെ സര്‍ക്കാരോ, പൊലീസോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും നിയമവാഴ്ചയുടെ സമ്പൂര്‍ണ തകർച്ചയാണിതെന്നും സുധാകരന്‍ അറിയിച്ചു.

Tags:    
News Summary - Giving protection is a double standard: should disqualify Raja and issue a notification immediately- K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.