ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപവത്കരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി തലവനുമായ ചന്ദ്രബാബു നായിഡു. 2019ലെ െതരഞ്ഞെടുപ്പിൽ മതേതര വിശാല സഖ്യം രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച വൈകീട്ട് ബംഗളൂരുവിലെത്തി ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിലെ പത്മനാഭ നഗറിെല എച്ച്.ഡി. ദേവഗൗഡയുടെ വസതിയിലെത്തിയാണ് ചന്ദ്രബാബു നായിഡു ചർച്ച നടത്തിയത്. വിശാല ഐക്യത്തിന് ജെ.ഡി.എസിെൻറ പൂർണ പിന്തുണ എച്ച്.ഡി. ദേവഗൗഡ ഉറപ്പുനൽകി.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കെതിരായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വൈകാതെ പ്രാദേശിക പാർട്ടികളെ ചേർത്ത് വിശാലസഖ്യം രൂപവത്കരിക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം നായിഡു പറഞ്ഞു. മായാവതിയുമായും അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. വിശാല സഖ്യത്തിലെ പ്രധാനി കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കലല്ല ജനാധിപത്യ സംരക്ഷണമാണ് ഇപ്പോൾ മുഖ്യവിഷയമെന്ന് രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നായിഡു പ്രതികരിച്ചു.
പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നുമായിരുന്നു മറ്റു നേതാക്കളുടെയും നിലപാട്. കോൺഗ്രസിെൻറ നേതൃത്വം എല്ലാവരും അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ ദേവഗൗഡ, ചന്ദ്രബാബു നായിഡുവിന് ജെ.ഡി.എസിെൻറ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. 1996ൽ പ്രാദേശിക പാർട്ടികളുടെയും കോൺഗ്രസിെൻറയും പിന്തുണയോടെ എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായ സാഹചര്യത്തെയാണ് കുമാരസ്വാമി ഒാർമപ്പെടുത്തിയത്. വീണ്ടും പ്രധാനമന്ത്രിയാവാൻ ദേവഗൗഡക്ക് താൽപര്യമുണ്ടെന്ന സൂചനകൂടിയാണ് അദ്ദേഹം നൽകിയത്.
എല്ലാ പ്രാദേശിക പാർട്ടി നേതാക്കളെയും ക്ഷണിച്ച് ഡിസംബർ അവസാനത്തിലോ ജനുവരി ആദ്യത്തിലോ വിശാല യോഗം വിളിച്ചുചേർക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ എൻ.ഡി.എ സഖ്യം വിട്ട ചന്ദ്രബാബു നായിഡു ഈ മാസം ആദ്യമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ദേശീയതലത്തിൽ വിശാല മതേതര ഐക്യത്തിനുള്ള നീക്കം സജീവമാക്കിയത്. ശരദ്പവാർ, ഫറൂഖ് അബ്ദുല്ല എന്നിവരുമായും നായിഡു നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാല ഐക്യത്തിന് രൂപം നൽകി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സഖ്യത്തിനുള്ള വഴിതെളിയിക്കുകയാണ് ചന്ദ്രബാബു നായിഡു. കർണാടകത്തിൽ അഞ്ചുമണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലു സീറ്റിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയിച്ചതും പ്രതിപക്ഷ ഐക്യത്തിന് ഊർജമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.