ആറ്റിങ്ങൽ: കരുവന്നൂര്‍ സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കരുവന്നൂർ എന്ന് കേട്ടാൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി ഓടിരക്ഷപ്പെടും. മാസപ്പടിയിൽ എന്ത് സേവനം നൽകി എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്.
ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം എന്തിനാണ് രഹസ്യ അക്കൗണ്ടുകൾ സൂക്ഷിക്കുന്നുതെന്നും മുരളീധരൻ ചോദിച്ചു. തൃശൂർ ജില്ലയിൽ മാത്രം 25 അക്കൗണ്ടുകൾ മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ കള്ളപ്പണമാണന്ന് വ്യക്തം. തൃശൂരിലെ മാത്രം കണക്കാണ് പുറത്തുവന്നതെന്നും സംസ്ഥാനമാകെ പരിശോധിച്ചാൽ ഇതിലും കൂടുതൽ കാണുമെന്നും വി.മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ, കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പിണറായി വിജയന്‍റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേത്. ഭരണഘടനാവിരുദ്ധമായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടു. പ്രഥമദൃഷ്ടിയാൽ കേന്ദ്രവാദങ്ങൾക്കാണ് ബലം എന്ന് കോടതി പറയുമ്പോൾ നരേന്ദ്രമോദി സർക്കാരിനെതിര നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി ഇടക്കാല ഉത്തരവ് നല്‍കാത്ത സ്ഥിതിക്ക് ബാലഗോപാലിന്‍റെ ''പ്ലാന്‍ ബി'' എന്താണെന്ന് അറിയണമെന്നുണ്ട്. കേസിൽ അവസാനലാഭം രണ്ട് കോടി ലഭിച്ച കപിൽ സിബലിന് മാത്രമാണ്.
ഇനിയെങ്കിലും ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം. 1600 രൂപ പെൻഷൻ ലഭിക്കാത്ത ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.