കോഴിക്കോട്: കോവിഡ് ദുരിതം ഏറ്റവും കൂടുതലായി പേറുന്ന പ്രവാസികളെ കേരള സർക്കാർ വഞ്ചിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കിയത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണ്.
രണ്ടര ലക്ഷം പേർക്ക് ക്വാറൻറീൻ സൗകര്യമുണ്ടെന്ന് കൊട്ടിഘോഷിച്ചിട്ട് 10,000 പേർ എത്തിയപ്പോഴേക്കും സംവിധാനങ്ങൾ ദുർബലമാകുന്നതാണ് കണ്ടത്. തിരിച്ചെത്തുന്ന പ്രവാസികളെ പെരുവഴിയിലാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത് -യോഗം അഭിപ്രായപ്പെട്ടു. വൈദ്യുതി ചാർജ് ഭീമമായി വർധിപ്പിച്ച് ദുരിതകാലത്തും ജനങ്ങളെ പിഴിയുന്ന സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
ഓൺലൈനായി നടന്ന സംസ്ഥാന ഭാരവാഹികളുടെയും കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ല ഭാരവാഹികളുടെയും സംയുക്ത നേതൃയോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, നിയമസഭ പാർട്ടി ലീഡർ ഡോ. എം.കെ. മുനീർ, സംസ്ഥാന ഭാരവാഹികളായ സി. മോയിൻകുട്ടി, എം.സി. മായിൻ ഹാജി, കുട്ടി അഹമ്മദ് കുട്ടി, സി.എ.എം.എ. കരീം, ഡോ. സി.പി. ബാവ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.