തിരുവനന്തപുരം: തങ്ങളുടെ രണ്ട് മന്ത്രിമാരെ വിമര്‍ശിച്ച സി.പി.എം എം.എല്‍.എ എം.എം. മണിയെ ആറാട്ടുമുണ്ടനെന്ന് ആക്ഷേപിച്ച് സി.പി.ഐ മുഖപത്രം ‘ജനയുഗം’. നവംബര്‍ എട്ടിലെ പത്രത്തില്‍ ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ!’ എന്ന ആക്ഷേപഹാസ്യ ലേഖനത്തിലാണ് മണിക്കെതിരായ പരാമര്‍ശം. ‘ആറാട്ടുമുണ്ടന്‍െറ രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസ്സും വിവരമില്ലായ്മയുടെ പേക്കൂത്തും ഇഴചേര്‍ന്നതായിരുന്നു’ ഇ. ചന്ദ്രശേഖരനും വി.എസ്. സുനില്‍കുമാറിനുമെതിരായ മണിയുടെ പ്രസംഗമെന്ന് പരിഹസിക്കുന്നു.
‘ഇടതുമുന്നണി നാടുവാഴുമ്പോള്‍ ആറാട്ടുമുണ്ടന്മാര്‍ അപ്രസക്തരാവുന്നു. പക്ഷേ, ചിലരൊക്കെ ഇടതുമുന്നണിയുടെ ആറാട്ടുമുണ്ടന്‍ വേഷം കെട്ടിയാടുമ്പോള്‍ രാഷ്ട്രീയ വിവരമില്ലായ്മയുടെ കൂത്താട്ടത്തിന് കീഴടങ്ങരുതെന്ന് ചൊല്ലാന്‍ തോന്നുന്നു. ചന്ദ്രശേഖരനെയും സുനില്‍കുമാറിനെയും കരിതേച്ചു കാണിക്കാന്‍ നടത്തിയ പ്രസംഗങ്ങള്‍ പിണറായി സര്‍ക്കാറിനെ നെഞ്ചേറ്റുന്ന പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു. മൂന്നാറിലെ മാഫിയ പറ്റങ്ങള്‍ക്ക് എതിരായ ഇടതുസര്‍ക്കാര്‍ നടപടിയുടെ പേരിലാണ് റവന്യൂ മന്ത്രി ചന്ദ്രശേഖരനെതിരെ അരിശംകൊണ്ട് ഇടതുമുന്നണിയുടെ പുരയുടെ ചുറ്റും മണ്ടിനടക്കുന്നത്. മണിയാശാന്‍െറ വാക്കുകളില്‍ നുരപൊന്തിയത് ആനപ്പുറത്തേറി അമ്പാരി കെട്ടിയ ധാര്‍ഷ്ട്യംതന്നെ. വി.എസ്. സുനില്‍കുമാറിനെ ഫലപ്രദമായി നേരിടണമെന്ന മണിയുടെ വാക്കുകളില്‍ മുഴങ്ങുന്നത് ഭൂമാഫിയകളുടെ വായ്ത്താരി. മുമ്പൊരിക്കല്‍ തങ്ങള്‍ സ്കോര്‍ ബോര്‍ഡ് വെച്ച് വണ്‍, ടു, ത്രീ, ഫോര്‍ എന്നിങ്ങനെ കൊല നടത്തിയെന്ന് വീമ്പിളക്കി വറചട്ടിയില്‍ കിടന്ന് പൊരിച്ച മണി കണ്ടിട്ടും കൊണ്ടിട്ടും പഠിക്കുന്നില്ളെങ്കില്‍ പിന്നെന്ത് പറയാനെ’ന്നും ‘ദേവിക’ എന്ന തൂലിക നാമത്തില്‍ എഴുതിയ ലേഖനം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.