കോട്ടയം: സി.പി.എമ്മിനെ വീണ്ടും കടന്നാക്രമിച്ച് മുൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിെൻറ ലേഖനം. ലക്ഷ്യത്തിൽ ഭിന്നതയുണ്ടെങ്കിലും ഇടതുപക്ഷവും ബി.ജെ.പിയും സമാനപാതയിലൂടെയാണ് നീങ്ങുന്നതെന്ന് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയെ ചെറുക്കാൻ മാർക്സിസ്റ്റ് ബാന്ധവമാകാമെന്ന് കരുതുന്നവർ പുനർവിചിന്തനത്തിന് തയാറാകേണ്ടതുണ്ട്. മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകുന്ന ഇരുകൂട്ടരും ഭരണഘടനയെ അട്ടിമറിക്കാൻ തക്കംപാർത്തിരിക്കുന്നവരാണെന്ന സത്യം മറന്നുപോയാൽ ജനാധിപത്യത്തിെൻറ അന്ത്യത്തിനായിരിക്കും സാക്ഷ്യം വഹിക്കേണ്ടി വരുകയെന്നും ലേഖനത്തിൽ പറയുന്നു. പൊലീസിൽ പാർട്ടിക്കാരെ കുത്തിനിറെച്ചന്ന് ആരോപിക്കുന്ന ലേഖനം, സെൽഭരണത്തിലേക്ക് മടങ്ങാനുള്ള കോപ്പുകൂട്ടലുകൾ അണിയറയിൽ തകൃതിയായി നടക്കുന്നതായും കുറ്റപ്പെടുത്തുന്നു. നിഷ്പക്ഷതയോടെ തുല്യനീതി നടപ്പാക്കേണ്ട പൊലീസ് സേനയിൽ ഒരു ഭാഗം ഇന്ന് പാർട്ടിയുടേതായി കഴിഞ്ഞു.
ഭരണസിരാകേന്ദ്രങ്ങളിൽ പാർട്ടിക്കാരെയും അനുഭാവികളെയും കുത്തിത്തിരുകി കാര്യങ്ങൾ തങ്ങളുടെ വശത്താക്കാനുമുള്ള ശ്രമങ്ങളും കുറവില്ല.
പാർട്ടിക്കാരുടെ പേരിൽ കേസുകളുണ്ടെങ്കിൽ തേച്ചുമായിച്ചു കളയാനും പാർട്ടിക്ക് സമ്മതരല്ലാത്തവർക്കുമേൽ കേസുകളുടെ കുരുക്കുകളെറിയാനും ഇത്തരം ശിങ്കിടികളുണ്ടെങ്കിൽ എളുപ്പമാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത പാർട്ടിക്കാരെ ബലം പ്രയോഗിച്ചുപോലും ഇറക്കിക്കൊണ്ടുപോന്നിരുന്ന സെൽഭരണകാലത്തെ ഒാർമകളുണർത്തുന്നു ഇന്നത്തെ ചില നടപടികൾ.
പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയുടെ കുട്ടി നേതാക്കൾപോലും അധികാരകസർത്തുകൾ നടത്തുന്ന കാഴ്ച ആശങ്കയുണർത്തുന്നതാണെന്നും പൗവത്തിൽ പറയുന്നു. ആൾകൂട്ടക്കൊലയിലൂടെയും മതപ്രചാരണത്തിെൻറയും പേരിൽ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനാണ് ഭരണകൂടത്തിെൻറ സഹായത്തോടെ ആർ.എസ്.എസും കൂട്ടരും ശ്രമിക്കുന്നത്.
ഭാരതത്തിലെ വർഗീയ തീവ്രാദികൾ ഭരണഘടനയുടെ അന്തഃസത്തയെ മനഃപൂർവം തമസ്കരിച്ചുെകാണ്ട് ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണ്.
മൗലികാവകാശങ്ങൾപോലും നിഷേധിക്കാനും ന്യൂനപക്ഷങ്ങളുടെ മതസ്വതന്ത്ര്യം അലോസരപ്പെടുത്താനുമുള്ള കുത്സിതനീക്കങ്ങൾ അണിയറയിലും അരങ്ങത്തും നടക്കുകയാണ്. ഗോവധം ആരോപിച്ച് മർദിച്ചുെകാല്ലാൻ തീവ്രനിലപാടുകാർക്ക് ആരാണ് അധികാരം നൽകിയത്. ആർക്കും മറ്റൊരാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അവകാശമിെല്ലന്നും ലേഖനത്തിൽ പറയുന്നു.
ലോക്സഭ തെരെഞ്ഞടുപ്പിനായി പാർട്ടികൾ ഒരുക്കം ആരംഭിച്ചിരിക്കെയാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ചുള്ള ലേഖനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.