കർണ്ണൂൽ : ജാതിവ്യവസ്ഥ തകർത്തെറിയേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കുല വിവക്ഷ പോരാട്ട സമിതി ആന്ധ്ര പ്രദേശ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ പൂർണ്ണമായും തകർത്തെറിഞ്ഞാൽ മാത്രമേ രാജ്യത്ത് സാമൂഹ്യ വികസനവും പുരോഗതിയും ഉണ്ടാകു.
എന്നാൽ, ജാതി ചിന്തകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. മനുസ്മൃതിയുടെ പഴയ കാലത്തിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സംഘ പരിവാറിനാൽ നയിക്കപ്പെടുന്ന ബി.ജെ. പി സർക്കാരിന്റെ യഥാർഥ ലക്ഷ്യം.
ശാസ്ത്ര ചിന്തയും യുക്തിബോധവുമില്ലാത്ത തലമുറകളെ സൃഷ്ടിച്ചാൽ മാത്രമേ മനുസ്മൃതിയിലേക്ക് എത്താനാകു എന്ന് സംഘ പരിവാർ കണക്കുകൂട്ടുന്നു. പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ പുതു തലമുറയുടെ വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിച്ചും പഠന സഹായങ്ങൾ വെട്ടിക്കുറച്ചും കേന്ദ്ര സർക്കാർ ഇതിന് മുൻ കൈ എടുക്കുകയാണ്. പിന്നാക്കക്കാരായ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ളവരുടെ സ്കോളർഷിപ്പ് റദ്ദാക്കിയത് അടുത്ത ദിവസമാണ്.
2.5 ലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഫീസാനുകൂല്യങ്ങൾ നിഷേധിച്ചതും മറ്റൊരു ഉദാഹരണമാണ്. വർഗീയ ഫാസിസത്തിനെതിരായ പോരാട്ടം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ആന്‌ധ്രപ്രദേശ് സംസ്ഥാന സെകട്ടറി വി.ശ്രീനിവാസറാവു, തെലുങ്കാന സംസ്ഥാന സെക്രട്ടറിയറ്റംഗം ജോൺ ബെൻസ്ലി, കുല വിവക്ഷ പോരാട്ട സമിതി സംസ്ഥാന സെക്രട്ടറി മലയാദ്രി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.