ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന്‍റെ വിജയമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: പട്ടികജാതി സംവരണം അട്ടിമറിച്ച ദേവികുളം സി.പി.എം എം.എൽ.എയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈകോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഹൈകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിനെ കെ.പി.സി.സി പ്രത്യേകം അഭിനന്ദിച്ചു.

ജനാധിപത്യത്തെ സി.പി.എം എങ്ങനെയെല്ലാം അട്ടിമറിക്കുന്നുയെന്നതിന് തെളിവാണ് ദേവികുളത്തേത്. പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട എ.രാജ വ്യാജരേഖകള്‍ ഹാജരാക്കിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അദ്ദേഹത്തിന് മത്സരിക്കാനും രേഖകളില്‍ കൃത്രിമം കാട്ടാനും എല്ലാ സഹായവും അനുവാദവും നല്‍കിയ സി.പി.എം പരസ്യമായി മാപ്പുപറയണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്ത് പട്ടികജാതിക്കാരൻ അല്ലാത്ത ഒരു വ്യക്തിയെ വ്യാജരേഖകളുടെ ബലത്തില്‍ മത്സരിപ്പിച്ച സി.പി.എമ്മിന്‍റെ ദളിത് വിരുദ്ധതയും ഇതോടെ മറനീക്കി പുറത്തുവന്നു. എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സി.പി.എമ്മിന് പങ്കുണ്ട്. ജനാധിപത്യത്തിന് തീരാകളങ്കമാണ് സി.പി.എം നിയമസഭയെ പോലും നോക്കുകുത്തിയാക്കി പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്തുന്നു.

ഭരണകക്ഷി എം.എൽ.എമാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അധികാരത്തിന്‍റെ തണലില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ്. ക്രിമിനലുകളുടെ കൂടാരമായി എൽ.ഡി.എഫ് മുന്നണി മാറി. ആത്മാഭിമാനമുള്ള ഒരു കക്ഷിക്കും ആ മുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran called the process of canceling the Devikulam election results a victory for democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.