കണ്ണൂർ: തന്റെ മനസ്സ് ബി.ജെ.പിക്കൊപ്പമാണെന്ന കെ. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എ.കെ.ജി സെന്ററില്‍ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുമെന്നും സുധാകാരൻ പറഞ്ഞു.
തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണ്. ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു.
ഇതിനെയെല്ലാം സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ ഭയന്നു. ബി.ജെ.പിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനഃസാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി-സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇരുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നത്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
ഇ.ഡിയെ കണ്ടാല്‍ മുട്ടുവിറക്കുന്നവരല്ല യഥാര്‍ഥ കോണ്‍ഗ്രസുകാര്‍. ഇ.ഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് കോൺഗ്രസുകാർ. ബി.ജെ.പിയെ സുഖിപ്പിക്കാന്‍ അമിത്ഷായെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വള്ളം കളിക്ക് കോൺഗ്രസുകാർ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി-സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല.
ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്. 'സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം ' എന്നേ പറയാനുള്ളൂ. 'ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.