അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്ന് കെ.സുധാകരന്‍

അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും എറണാകുളം ഡിസിസി പ്രസിഡന്റിനെതിരായ പൊലീസ് കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനങ്ങളുടെ മൂർധാവില്‍ ഇടുത്തീപോലെ കെട്ടിവെച്ച നികുതിക്കൊള്ളയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ കേസെടുത്തും പിപ്പിടി കാട്ടിയും വിരട്ടി മൂലയ്ക്ക് ഇരുത്താമെന്നത് മുഖ്യമന്ത്രിയുടെ മിഥ്യധാരണയാണ്.കേസും കോടതിയും ഒരുപാട് കണ്ട പ്രസ്ഥാനമാണിത്. കെ.എസ്.യു പ്രവര്‍ത്തകയെ തെരുവില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പുരുഷപോലീസ് കയറി പിടിച്ചിട്ട് എന്തു നടപടിയാണ് എടുത്തത്? സ്ത്രീത്വം അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആ പെണ്‍കുട്ടി നല്‍കിയ പരാതി പോലീസ് വലിച്ച് കീറി ചവറ്റുകൊട്ടയിലിട്ടില്ലെ? ഇതാണോ എൽ.ഡി.എഫ് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ.ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്ത് മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥനാല്‍ തെരുവില്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ട് അത് ചോദ്യം ചെയ്യാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ട വനിതാ കമ്മീഷന്‍ എവിടെയാണ്?സ്ത്രീത്വത്തെ അപമാനിച്ച പോലീസ് ഉദ്യേഗസ്ഥനെതിരെ കേസെടുക്കാന്‍ പോലും തയാറാകുന്നതിന് പകരം അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഡിസിസി പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് ആഭ്യന്തരവകുപ്പ്.

ഏതെങ്കിലും മനോരോഗികളായ പൊലീസ് ഉദ്യോഗസ്ഥരുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ളതല്ല കോണ്‍ഗ്രസിന്റെ കുട്ടികള്‍. സ്ത്രീത്വത്തെ അപമാനിച്ച ഉദ്യോഗസ്ഥനെ എത്രയും വേഗം സസ്‌പെന്‍ഡ് ചെയ്ത് കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതിയിന്‍ മേല്‍ നിയമ നടപടി സ്വീകരിക്കണം. സി.പി.എമ്മിന് ദാസ്യവേല ചെയ്തതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥനെ സംരക്ഷിച്ചാല്‍ അതിനെ തെരുവില്‍ എങ്ങനെ നേരിടണമെന്ന ഉത്തമബോധ്യം കോണ്‍ഗ്രസിനുണ്ട്. നിയമത്തെ നോക്കുകുത്തിയാക്കി വഴിവിട്ട് പൊലീസ് പ്രവര്‍ത്തിച്ചാല്‍ അതേ ശൈലിയില്‍ തന്നെ കോണ്‍ഗ്രസും തിരിച്ചടിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that Congress is not a movement that is afraid of the clothes of Adhikara Garva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.