സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം :സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സി.പി.എം മറക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സി.പി.എം സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സി.പി.എമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്.

ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സി.പി.എമ്മും അവരുടെ കളിപ്പാവയായ മേയറും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി.പി.എമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പി.എസ്.സിയെ പിരിച്ചുവിടുന്നതാണ് നല്ലത്. ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സി.പിഎമ്മും വിലയിട്ടത്. എൽ.ഡി.എഫ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നയം സഖാക്കള്‍ക്ക് ക്രമവിരുദ്ധ നിയമനം നല്‍കുകയെന്നതാണ്. ഇതിലൂടെ പാര്‍ട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം.

ലവലേശം ഉളുപ്പില്ലാതെയും പൊതുജനത്തെ വെല്ലുവിളിച്ചും വഞ്ചിച്ചുമാണ് സി.പി.എം അഴിമതിയും പിന്‍വാതില്‍ നിയമനവും യഥേഷ്ടം നടത്തുന്നത്. സര്‍വകലാശാലകളെ ഒരുവഴിക്കാക്കിയ ശേഷമാണ് ഇതരവകുപ്പുകളിലേക്കും ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമം. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും മേയറുടെയും നയങ്ങള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാർഥി സംഘടനകള്‍ക്ക്.

തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവസിംഹങ്ങള്‍ കേരളത്തില്‍ പിന്‍വാതില്‍ നിയമനപട്ടിക തയാറാക്കുന്ന തിരക്കിലാണ്. സി.പി.എമ്മിന്റെ ജീര്‍ണ്ണതയിലും മുല്യച്യുതിയിലും പ്രതികരണ ശേഷി നിര്‍വീര്യമായ യുവനിരയാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that the government job is not an auction in the street market to put it up for sale to the comrades.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.