സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവിരുദ്ധതക്കെതിരെ പ്രതിഷേധിക്കുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയേയും ചവിട്ടിമെതിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബി.ജെ.പി ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം 18,19 തിയ്യതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗവർണറെ ഭീഷണിപ്പെടുത്തി ഭരണഘടനയെ അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢാലോചന തുറന്നു കാണിക്കാൻ ബി.ജെ.പി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. സ്വജനപക്ഷപാതവും അഴിമതിയും ധിക്കാരവും മാത്രമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുമെന്ന് സി.പി.എം ഭീഷണി മുഴക്കുന്നത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സി.പി.എമ്മിന് വിശ്വാസമില്ല. തിരുവനന്തപുരം മേയറുടേതല്ല കത്തെന്നാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് മേയറുടെ ഓഫീസിൽ നിന്നും ഔദ്യോഗിക സീൽ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടു പിടിച്ചുകൂടേ. അങ്ങനെയെങ്കിൽ കേരളത്തിലെ ആഭ്യന്തരവകുപ്പിനെയാണ് ആദ്യം പിരിച്ചുവിടേണ്ടത്.

സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയറോട് രാജിവെക്കാനാണ് ഗോവിന്ദൻ ആവശ്യപ്പെടേണ്ടത്. ഗവർണർ പറയുന്നതെല്ലാം സത്യമാണെന്ന് തിരുവനന്തപുരം മേയറുടെ കത്തോടെ സി.പി.എം പ്രവർത്തകർക്ക് പോലും ബോധ്യമായി കഴിഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ പാർട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സി.പി.എം ശ്രമം ഇനി വിജയിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran will protest against the unconstitutionality of the state government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.