ബംഗളൂരു: കർണാടക കോൺഗ്രസിലെ ‘ട്രബ്ൾ ഷൂട്ടറായ’ മുൻമന്ത്രി ഡി.കെ. ശിവകുമാറിെൻറ അറസ്റ്റിൽ ഞെട്ടി പ്രവർത്തകരും നേതാക്കളും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലായി ഡി.കെ. ശിവകുമാറിനെ ഡൽഹിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരുകയാണെങ്കിലും പെട്ടെന്നുള്ള അറസ്റ്റ് കർണാടകയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നില്ല.
പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ഡി.കെ. ശിവകുമാറിനെ ഉൾപ്പെടെ അന്യായമായി വേട്ടയാടുന്നതെന്നാണ് കർണാടക കോൺഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബി.ജെ.പി അജൻഡക്കെതിരെ പോരാടുമെന്നും കഴിഞ്ഞ രണ്ടുവർഷമായി ഡി.കെ. ശിവകുമാറിനെ അന്യായമായി കുടുക്കാൻ ശ്രമിച്ചുവരുകയാണെന്നും കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. ചോദ്യം ചെയ്യലിനുശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയും നിരവധി പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരുടെ കാറിന് ചുറ്റും കൂടി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തശേഷമാണ് കാറിൽ ഡി.കെ. ശിവകുമാറിനെ പുറത്തേക്ക് കൊണ്ടുപോയത്. കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഉൾപ്പെടെ ഡി.കെ. ശിവകുമാറിനെ പരിഗണിക്കുന്നതിനിടെയുള്ള അറസ്റ്റ് കോൺഗ്രസിനും തിരിച്ചടിയായി.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ പലപ്പോഴായുണ്ടായിരുന്ന വിമതനീക്കങ്ങൾ പരിഹരിക്കുന്നതിന് ഉൾപ്പെടെ നേതൃത്വം നൽകിയ ഡി.കെയുടെ അറസ്റ്റ് വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും. കർണാടക േകാൺഗ്രസിൽ സിദ്ധരാമയ്യക്കൊപ്പം തന്നെ ദേശീയ തലത്തിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ് ശിവകുമാർ.
ബി.ജെ.പിയുടെ ഒാപറേഷൻ താമര നീക്കങ്ങളെ അതേ നാണയത്തിൽ മറുപടി നൽകിയാണ് ഡി.കെ. ശിവകുമാർ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയനാകുന്നത്. റിസോർട്ട് രാഷ്ട്രീയത്തിലൂടെ ബി.ജെ.പിയുടെ നീക്കങ്ങളുടെ മുനയൊടിച്ചിരുന്ന ഡി.കെയുടെ അറസ്റ്റ്, കർണാടകയിൽ വീണ്ടും ശക്തിപ്രാപിച്ച് ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മുന്നേറാനുള്ള കോൺഗ്രസിെൻറ നീക്കങ്ങൾക്കും തിരിച്ചടിയാകും. ഡി.കെ. ശിവകുമാറിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നും രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടുമെന്നുമാണ് കർണാടക കോൺഗ്രസ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.