കർണാടകയിലെ വിജയം ആവേശം നൽകുന്നത്, കോൺഗ്രസ് ഗൗരവത്തോടെ മുന്നോട്ടു പോകണം -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ അണിനിരക്കുന്നവർക്കെല്ലാം ആവേശം നൽകുന്ന വിജയമാണ് കർണാടകയിലുണ്ടായതെന്നും, എന്നാൽ കോൺഗ്രസ് ഗൗരവത്തോടുകൂടി മുന്നോട്ടു പോകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വന്തം താൽപര്യങ്ങൾക്കുപരി ഇന്ത്യ ഇന്ന് മുന്നോട്ടുവെക്കുന്ന ബി.ജെ.പി വിരുദ്ധ ആശയത്തിന് ഊന്നൽ കൊടുക്കാനാകണം. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എമാരെ വിലക്ക് വാങ്ങാനുള്ള ശേഷി ബി.ജെ.പിക്കുണ്ടെന്ന് മുമ്പു തന്നെ മനസിലായതാണ്. ഗോവയിൽ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എട്ട് എം.എൽ.മാരെ ബി.ജെ.പി പിടിച്ചത്. അതുകൊണ്ട് തന്നെ നല്ല ജാഗ്രതയും കരുതലും വേണം. ആ രീതിയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് മുന്നോട്ട് പോകണം.

കർണാടകത്തിൽ ബി.ജെ.പിയെ തറപറ്റിക്കാനായി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കാൽവെപ്പ് തന്നെയാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ബി.ജെ.പിയെ തൂത്തുമാറ്റാൻ സാധിച്ചിരിക്കുന്നു. ദക്ഷിണേന്ത്യ മുഴുവൻ ഞങ്ങൾ പിടിക്കാൻ പോവുകയാണ് അതിന്‍റെ തുടക്കമാണ് കർണാടക എന്ന് പറഞ്ഞവർക്ക് ലഭിച്ച തിരിച്ചടി വലുതാണ്.

ബി.ജെ.പിയാണ് ഏറ്റവും വലിയ അപകടം. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കണം. ഒരു അഗ്നിപർവതത്തിന്‍റെ മുകളിലാണ് ഇന്ത്യ. അതിനെ പ്രതിരോധിക്കാനുള്ള ഊർജം കർണാടക തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി വിരുദ്ധ ശക്തികൾക്ക് ലഭിച്ചു.

എന്നാൽ, ഇന്ത്യയിൽ ബി.ജെ.പിയെ തകർക്കാനാകുക കോൺഗ്രസിന് മാത്രമാണെന്ന വാദം കേവലമായ വാദം മാത്രമാണ്. അത് കോൺഗ്രസിനെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തം താൽപര്യങ്ങൾക്കുപരി ഇന്ത്യയിന്ന് മുന്നോട്ടുവെക്കുന്ന ബി.ജെ.പി വിരുദ്ധ ആശയത്തിന് ഊന്നൽ കൊടുക്കാനാകണം. കോൺഗ്രസിന് പലപ്പോഴും അതിന് സാധിക്കുന്നില്ല -എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - Karnataka result is encouraging, Congress should proceed seriously -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.