തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയ സംഭവത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ഗവർണറുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്നും സി.പി.എം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി. സദാശിവം വിളിച്ചുവരുത്തി ക്രമസമാധാനനില സംബന്ധിച്ച് വിശദീകരണം ചോദിച്ച സംഭവം വിശദമായി ചർച്ച ചെയ്തശേഷം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റാണ് ഇൗ തീരുമാനത്തിലെത്തിയത്.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ നടപടി മനഃപൂർവമായിരുന്നില്ലെന്നും സ്വാഭാവികമായ പ്രതികരണമാണുണ്ടായതെന്നും വിലയിരുത്തപ്പെട്ടു.
മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയത് സ്വാഭാവിക നടപടിയാണ്. ഗവർണറും സംസ്ഥാന സർക്കാറും തമ്മിൽ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. അത് തകർക്കുന്ന രീതിയിൽ കാര്യങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ കേരളത്തിെൻറ വിഷയങ്ങളിൽ മാത്രം കേന്ദ്രത്തിെൻറ അമിതമായ ഇടപെടലുണ്ടാകുന്നതിനെ ഗൗരവമായി കാണണം. ബീഫ് വിഷയവുമായും ദലിത് പീഡനങ്ങളുമായും ബന്ധപ്പെട്ട് നിരവധി കൊലപാതകങ്ങൾ നടക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാത്ത കേന്ദ്രസർക്കാർ നിരന്തരം കേരളത്തിലെ വിഷയങ്ങളിൽ ഇടപെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണെന്ന് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയ സംഭവം വിവാദമാക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴേണ്ടതില്ലെന്നും സി.പി.എം സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സി.പി.എം, ബി.ജെ.പി നേതാക്കളുടെ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ആട്ടിയിറക്കിയത് മനഃപൂർവമായിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രേട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു. പ്രേവശനം ഇല്ലാതിരുന്ന സ്ഥലത്ത് മാധ്യമപ്രവർത്തകർ വന്നതിലെ സ്വാഭാവിക പ്രതികരണം മാത്രമാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. പാർട്ടി സമ്മേളനങ്ങളുടെ തീയതി സംബന്ധിച്ച കാര്യങ്ങളും സെക്രേട്ടറിയറ്റ് യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.