കോഴിക്കോട്: രണ്ടിലയെച്ചൊല്ലി ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിലടി തുടരുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് മാണി വിഭാഗം. പാർട്ടി ഭരണഘടനയനുസരിച്ച് രണ്ടില ചിഹ്നം ജോസ് കെ. മണി വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും അത് അംഗീകരിക്കാൻ ടിക്കാറാം മീണ വിസമ്മതിക്കുന്നതാണ് മാണി അനുയായികളെ ചൊടിപ്പിക്കുന്നത്. ഇടതുപക്ഷവും ബി.ജെ.പിയും പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടുപോയെങ്കിലും േകരള കോൺഗ്രസ് എമ്മിൽ തർക്കം പോലും തീർന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പാർട്ടിയിൽ ഭിന്നതയുള്ളതിനാൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ വേണ്ട മുൻ കരുതൽ എടുത്തിരുന്നു എന്നാണ് മാണി വിഭാഗം അവകാശപ്പെടുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യക്ഷപ്പെടുന്നത്.
സ്ഥാനാർത്ഥിയും ചിഹ്നവും നിശ്ചയിക്കാനുള്ള അധികാരം സ്റ്റിയറിങ് കമ്മിറ്റിക്കാണ് എന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവെച്ചിരിക്കെ എന്ത് ആശയക്കുഴപ്പമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളതെന്നാണ് നേതാക്കളുടെ ചോദ്യം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് സ്ഥാനാർത്ഥിയെന്നും അദ്ദേഹത്തിന് ചിഹ്നം നൽകാൻ കഴിയില്ലെന്നുമുള്ള പി.ജെ. ജോസഫിെൻറ വാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖവിലെക്കടുത്തിരിക്കുന്നത്. 2019 ആഗസ്റ്റ് 30 ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിങ് കമ്മറ്റി യോഗം ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഇൗ സമിതിയിൽ തോമസ് ചാഴിക്കാടൻ അധ്യക്ഷനും എൻ. ജയരാജ് എം.എൽ.എ, മുൻ എം.എൽ.എമാരായ സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശ്ശേരി, പ്രൊഫസർ കെ. ഐ. ആൻറണി, പി.കെ. സജീവ്, പി.ടി. ജോസ് എന്നിവർ അംഗങ്ങളുമായിരുന്നു.
ജോസ് കെ. മാണിക്ക് മുൻസിഫ് കോടതിയുടെ വിലക്കുള്ളതിനാൽ ഉപസമിതി കണ്ടെത്തുന്ന സ്ഥാനാർത്ഥിയെ നാമനിർദേശം െചയ്യുന്നതിനും ചിഹ്നം അനുവദിക്കുന്നതിനും പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ സ്റ്റീഫൻ ജോർജിനെയും സ്റ്റിയറിങ് കമ്മറ്റി ചുമതലപ്പെടുത്തിയിരുന്നു. ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെയും റിട്ടേണിങ് ഓഫീസറെയും അറിയിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇതനുസരിച്ച് യോഗത്തിൻെറ മിനിറ്റ്സ് ഉൾപ്പെടെ സ്റ്റീഫൻ ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയും ചെയ്തതാണ്. ആകെയുള്ള 99 സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളിൽ ജീവിച്ചിരിക്കുന്നത് 96 പേരാണ്. ഇതിൽ 50 പേരാണ് മാണി വിഭാഗം സംഘം സംഘടിപ്പിച്ച യോഗത്തിന് എത്തിയത്. ഭൂരിപക്ഷം അംഗങ്ങളും തങ്ങൾക്കൊപ്പമായതിനാൽ പാർട്ടിയുടെ നിയന്ത്രണം ജോസ് കെ. മാണിക്കാണെന്ന് മാണി വിഭാഗം അവകാശപ്പെടുന്നത്.
സ്ഥിതി ഇതായിരിക്കെ ചിഹ്നത്തെ ചൊല്ലിയുള്ള തർക്കം ഊതിപ്പെരുപ്പിക്കാൻ മാത്രമെ തെരഞ്ഞെടുപ്പ് കമ്മീഷൻെറ നടപടി ഉതകൂ എന്ന ആരോപണമാണ് മാണി വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.