ബംഗളൂരു: കർണാടകയിലെ സാഹചര്യം പരിഗണിച്ച് ജെ.ഡി-എസ് എൻ.ഡി.എയുടെ ഭാഗമായാൽ കേരളത്തിൽ പാർട്ടി വെട്ടിലാവും. കേരളത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ ഭാഗമാണ് ജെ.ഡി-എസ്. ബി.ജെ.പി വിരുദ്ധ മുന്നണിയിലാണ് എൽ.ഡി.എഫ് എന്നതിനാൽ മുന്നണി വിടുകയോ പുതിയ പാർട്ടി രൂപവത്കരിക്കുകയോ ആവും മുന്നിലെ വഴി.
ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കണമെന്നതാണ് കഴിഞ്ഞ മാസം ബംഗളൂരുവിൽ ചേർന്ന ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി തീരുമാനം. ദേവഗൗഡയുടെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ കുമാരസ്വാമി അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കുമാരസ്വാമിയുടെ മനംമാറ്റം. കുമാരസ്വാമിയുടെ നിലപാടിനോട് ദേവഗൗഡയും മൂത്തമകൻ എച്ച്.ഡി. രേവണ്ണയും അനുകൂലിക്കുന്നില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനമാണ് കർണാടകയിൽ ജെ.ഡി-എസ് ലക്ഷ്യമിടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യസാധ്യത തേടി ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് രണ്ടാമത് യോഗം ചേരുമ്പോൾ ജെ.ഡി-എസ് പങ്കെടുക്കില്ല. എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പിയുമായുള്ള ചർച്ചകൾക്കായി ഡൽഹിക്ക് പോകുകയാണ്. ബി.ജെ.പിയും ജെ.ഡി.എസും തമ്മിൽ സഖ്യചർച്ച നടക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.