തിരുവനന്തപുരം: ആര്.എസ്.പി ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് തങ്ങളുടെ മന്ത്രിസ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തെച്ചൊല്ലി എൻ.സി.പിയിൽ പ്രശ്നങ്ങൾ വഷളാകുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് എൻ.സി.പിയുടെ തീരുമാനം ഉടനുണ്ടാകണമെന്ന എൽ.ഡി.എഫിെൻറ അന്ത്യശാസനത്തിെൻറ പശ്ചാത്തലത്തിലാണ് കോവൂർ കുഞ്ഞുമോനെ പാർട്ടിയിലെത്തിച്ച് അതുവഴി തങ്ങൾക്ക് മുന്നണി ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിസ്ഥാനം സ്വന്തമാക്കാനുള്ള നീക്കം എൻ.സി.പി നടത്തുന്നത്. എന്നാൽ, ഇതിനെതിരെ എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമാവുകയാണ്. പാർട്ടിയിൽ നേതൃമാറ്റം ഉൾപ്പെടെ കാര്യങ്ങളിലേക്കും ഇൗ വിഷയം മാറുകയാണ്. ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ബിയുമായി ബന്ധം വേണ്ടെന്ന നിലയിലേക്കും എൻ.സി.പി നീങ്ങുകയാണ്.
നിലവിൽ രാജ്യത്തൊരിടത്തും സ്വന്തം മന്ത്രിമാരില്ലാത്ത എൻ.സി.പി കേന്ദ്രനേതൃത്വത്തിെൻറ കൂടി അനുമതിയോടെയാണ് ഏതെങ്കിലും എം.എൽ.എയെ കൂടെക്കൂട്ടി മന്ത്രിസ്ഥാനം നേടാൻ ശ്രമിക്കുന്നത്. കുഞ്ഞുമോനും പുതിയ നീക്കത്തോട് താൽപര്യമുണ്ട്. എ.കെ. ശശീന്ദ്രന് കുറ്റമുക്തനായാല്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് ചര്‍ച്ചകൾ. എന്നാൽ, മന്ത്രിസ്ഥാനം തനിക്കുള്ളതാണെന്ന നിലപാടിലാണ് ശശീന്ദ്രൻ. അതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ശരത് പവാര്‍ തന്നെ സംസാരിക്കുമെന്നും അറിയുന്നു. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ് ചാണ്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
എന്നാൽ, പാര്‍ട്ടിയെ അറിയിക്കാതെ ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരന് ഏകാധിപതിയെപോലെ ചര്‍ച്ച നടത്തുകയാണെന്ന ആരോപണമാണ് എൻ.സി.പിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. പീതാംബരനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡൻറാകാൻ തയാറാണെന്നും അതിന് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകില്ലെന്നും എൻ.സി.പി നേതാവ് മാണി സി. കാപ്പന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. കോവൂര്‍ കുഞ്ഞുമോെൻറ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. കോവൂര്‍ വരുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കോവൂര്‍ കുഞ്ഞിമോന് മന്ത്രി സ്ഥാനം നല്കുമെന്നതരത്തിലുള്ള ചര്‍ച്ചകള്‍ ഊഹാപോഹവും അടിസ്ഥാനരഹിതവുമാണെന്ന് എ.കെ. ശശീന്ദ്രന് വ്യക്തമാക്കി. പാരിതോഷികമായി മന്ത്രി പദവി നല്കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പ്രവേശനം: എൻ.സി.പി ചർച്ച നടത്തിയെന്ന് ആർ.എസ്.പി (എൽ)
കൊല്ലം: കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എൻ.സി.പിയിലെ ചില നേതാക്കൾ തങ്ങളുമായി ചർച്ച നടത്തിയെന്ന് ആർ.എസ്.പി (എൽ) സംസ്ഥാന സെക്രട്ടറി തേവലക്കര ബലദേവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (എൽ)യുടെ നേതാവാണ്. എന്നാൽ, എൽ.ഡി.എഫ് സ്വതന്ത്രനായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. സ്വതന്ത്രനായതിനാൽ ഒരു പാർട്ടിയുടെയും മന്ത്രിയാകാനാകില്ല.
തങ്ങളുടെ രണ്ട് എം.എൽ.എമാരും രാജിെവച്ച സാഹചര്യത്തിൽ എൻ.സി.പിയുടെ പിന്തുണയുള്ള മന്ത്രിയാക്കാമെന്നാണ് ഒരു വിഭാഗത്തിെൻറ വാഗ്ദാനമെന്ന് ബലദേവ് പറഞ്ഞു. ഇക്കാര്യത്തിൽ 23ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ആർ.എസ്.പി (എൽ)ക്ക് മന്ത്രിസ്ഥാനം വേണമെന്ന് നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ കുഞ്ഞുമോനെ പാർട്ടി പിന്തുണയുള്ള മന്ത്രിയാക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് ആർ.എസ്.പി (എൽ)യുമായി ബന്ധമില്ലെന്നും എൽ.ഡി.എഫിെൻറ ഭാഗമല്ലെന്നും ഒരുവിഭാഗം പ്രചാരണം നടത്തുന്നുണ്ട്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽനിന്ന് നേരത്തേ പുറത്താക്കപ്പെട്ടവരാണിവർ. കുഞ്ഞുമോൻ ജില്ല എൽ.ഡി.എഫ് യോഗത്തിലും സംസ്ഥാനതലത്തിൽ എൽ.ഡി.എഫുമായി സഹകരിക്കുന്ന പാർട്ടികളുടെ യോഗത്തിലും പങ്കെടുക്കുന്നുണ്ട്. കുഞ്ഞുമോൻ നിർേദശിച്ചവരെയാണ് എൽ.ഡി.എഫ് സർക്കാർ വിവിധ വികസന സമിതികളിൽ അംഗമാക്കിയതെന്നും ബലദേവ് പറഞ്ഞു. ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, കെ.പി. പ്രകാശ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.