തിരുവനന്തപുരം: ബിരുദധാരികൾ ഉൾപ്പെട്ട അവസാന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി 29ന് അവസാനിക്കെ ലിസ്റ്റിൽനിന്ന് പുറത്താകുന്നത് 42,963 ഉദ്യോഗാർഥികൾ. സർക്കാറിെൻറ അപ്രഖ്യാപിത നിയമന നിരോധനംമൂലം 53,239 പേർ ഉൾപ്പെട്ട ലിസ്റ്റിൽനിന്ന് നിയമന ശിപാർശ ലഭിച്ചത് 10,276 പേർക്ക് മാത്രം. കഴിഞ്ഞ ലിസ്റ്റിൽ 12,959 പേർക്ക് നിയമനം ലഭിച്ചപ്പോഴാണ് ഒഴിവുകൾ ഉണ്ടായിട്ടും കൃത്യമായി റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾക്കുമേൽ സർക്കാർ ചുവപ്പുനാട കെട്ടിയത്.
2015 ജൂൺ 30നാണ് ലിസ്റ്റ് നിലവിൽവന്നത്. എന്നാൽ, പട്ടികക്കെതിരെ മുൻ റാങ്ക് പട്ടികയിലുള്ളവർ ഹൈകോടതിയെ സമീപിച്ചതും ഡിഗ്രി യോഗ്യത പരിഷ്കരണത്തിലെ അപാകതയും ഭിന്നശേഷിക്കാരുടെ സംവരണക്രമം പുനഃക്രമീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഇടപെടലുമെല്ലാം ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെടുത്തിയത് 11 മാസമാണ്. ഇതോടെ ഒരുവർഷം കഴിഞ്ഞാണ് ഭൂരിഭാഗം ജില്ലയിലും പി.എസ്.സി നിയമന ശിപാർശ നൽകിയത്.
സാമ്പത്തികബാധ്യതയുടെ മുന്നിൽ പകുതിയിലേറെ നിയമനങ്ങളും സർക്കാർ മരവിപ്പിച്ചു. തസ്തികകൾ വെട്ടിക്കുറച്ചതും പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതും അനുവദിച്ച തസ്തികകള്‍ അംഗീകരിക്കാത്തതുമെല്ലാം നിയമനസാധ്യതക്ക് തടസ്സം സൃഷ്ടിച്ചു.
ജലസേചനവകുപ്പില്‍ നിര്‍ത്തലാക്കിയ 1,100 തസ്തികകളില്‍ കൂടുതലും ലാസ്റ്റ് ഗ്രേഡ് തസ്തികയായിരുന്നു. ജി.എസ്.ടി വകുപ്പിലും തസ്തികൾ വെട്ടിക്കുറച്ചു. നൈറ്റ് വാച്ച്മാന് തസ്തികകള്‍ കൂടുതലായി അനുവദിക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെെട്ടങ്കിലും സാമ്പത്തികബാധ്യതയുടെ പേരുപറഞ്ഞ് ധനവകുപ്പ് ഇടക്ക് കോലിടുകയും പകരം ആവശ്യമുള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ ഒഴിവുള്ള തസ്തികകളിലെല്ലാം പി.എസ്.സിയെ അറിയിക്കാതെ വകുപ്പും രാഷ്ട്രീയനേതാക്കളും നേരിട്ട് താൽക്കാലിക-പിൻവാതിൽ നിയമനങ്ങൾ നടത്തിയത് റാങ്ക് ലിസ്റ്റിലുള്ളവർക്ക് തിരിച്ചടിയായി.
സ്ഥാനക്കയറ്റവും തസ്തികമാറ്റവും പല വകുപ്പിലും തടഞ്ഞുവെച്ചതും ഉദ്യോഗാർഥികൾക്ക് പ്രതിബന്ധമായി. മേയ് 31നുണ്ടായ വിരമിക്കൽ ഒഴിവുകൾ ഇനിയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. 15,000 ജീവനക്കാരാണ് കഴിഞ്ഞമാസം വിവിധ വകുപ്പുകളിൽനിന്ന് പടിയിറങ്ങിയതെന്നാണ് കണക്ക്. ഉയർന്ന തട്ടിലുള്ള ഈ വിരമിക്കലിന് ആനുപാതികമായി താഴെത്തട്ടിൽ സ്ഥാനക്കയറ്റവും ഉണ്ടായെങ്കിൽ മാത്രമേ ലിസ്റ്റിലുള്ളവർക്ക് പ്രയോജനം ലഭിക്കൂ. അതിന് ചുരുങ്ങിയത് ആറുമാസം കൂടി വേണം. അതുവരെയെങ്കിലും റാങ്ക് ലിസ്റ്റ് നീട്ടിനൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഈ ഒഴിവുകളെല്ലാം കരാറടിസ്ഥാനത്തിൽ നികത്താനാണ് സർക്കാർ നീക്കം. ഇതിനെതിരെ ഉദ്യോഗാർഥികൾ സെക്രേട്ടറിയറ്റ് പടിക്കൽ സമരം ആരംഭിച്ചതോടെ ജൂൺ 11ന് ശേഷം 160 ഒഴിവാണ് സർക്കാറിന് പി.എസ്.സിക്ക് വിടേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.