തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം. വിൻസെൻറ് എം.എല്‍.എയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടിനോടൊപ്പം നില്ക്കാന് മഹിള കോണ്‍ഗ്രസ് തീരുമാനിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മഹിള കോണ്‍ഗ്രസിന് പൊതുനിലപാട് ഉണ്ടെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത സാഹചര്യത്തില്‍ അതുമായി സഹകരിക്കാനാണ് ബുധനാഴ്ച ചേർന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാനം.
യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് എം. വിൻസെൻറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. സ്ത്രീ സംരക്ഷണനിയമം ദുരുപയോഗം ചെയ്താണ് വിൻസെൻറിനെ അറസ്റ്റ് ചെയ്തത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേജോവധം ചെയ്യാൻ പരാതികള്‍ ഉപയോഗിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ഹസൻ പറഞ്ഞു.
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണെന്നും എന്നാല്‍ വിൻസെൻറ് കുറ്റക്കാരനാണെന്ന് കണ്ടാല്‍ നിലപാട് മാറ്റുമെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ബിന്ദുകൃഷ്ണ യോഗത്തിൽ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ കെ.പി.സി.സി നേതൃയോഗത്തില്‍ മഹിള കോണ്‍ഗ്രസ് മലക്കം മറിഞ്ഞുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ല. താന്‍ ഉള്‍പ്പെടെ യോഗത്തിലുണ്ടായിരുന്ന വനിതകൾ ഇരക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ഭൂരിപക്ഷവും മറ്റൊരു നിലപാടാണ് കൈക്കൊണ്ടത്.
ആ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനവുമായി സഹകരിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. തുടര്‍ന്നാണ് തല്ക്കാലം പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാന്‍ തീരുമാനിച്ചതെന്നും അവർ യോഗത്തിൽ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് രണ്ടാം വാരം സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തും. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.