മലര്‍കോട്​ലയില്‍ മതസൗഹാര്‍ദത്തിന്‍െറ മത്സരം

പഞ്ചാബില്‍ ഏക മുസ്ലിം ഭൂരിപക്ഷ നിയമസഭ മണ്ഡലമാണ് മലര്‍കോട്ല. വിഭജനകാലത്ത്  രക്തപ്പുഴയൊഴുകിയ കാലത്തുപോലും ശാന്തമായിരുന്നു ഈ കൊച്ചുപട്ടണം. മലര്‍കോട്ല ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ഖുര്‍ആന്‍ നിന്ദയുടെ പേരിലാണ്. തെരഞ്ഞെടുപ്പ്  വേദികളില്‍ ഖുര്‍ആന്‍ നിന്ദ  വിഷയമല്ല. മതസൗഹാര്‍ദം കളഞ്ഞൊരു മത്സരം വേണ്ടെന്ന്  ഇവിടത്തുകാര്‍ തീരുമാനിച്ചിരിക്കുന്നു.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. നഗരത്തിലൂടെ അതിവേഗത്തില്‍ ഓടിച്ചുപോയ ഒരു ജീപ്പില്‍നിന്ന് ഖുര്‍ആനിന്‍െറ പേജുകള്‍ കീറിയെറിഞ്ഞു.  ജനരോഷമുയര്‍ന്നു. സംഘര്‍ഷവും ലാത്തിച്ചാര്‍ജുമായി. വി.എച്ച്.പിയുടെ പ്രാദേശിക പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടികൂടി.  ഇവരിലൊരാള്‍ നല്‍കിയ  മൊഴിയനുസരിച്ച് ഡല്‍ഹിയിലെ ആം ആദ്മി എം.എല്‍.എ നരേഷ് യാദവിനെയും  അറസ്റ്റ് ചെയ്തു. നരേഷ് യാദവിന് പങ്കില്ളെന്ന് ആം ആദ്മി പാര്‍ട്ടി ആണയിടുന്നു. നരേഷ് യാദവിനെ അകാലി-ബി.ജെ.പി സര്‍ക്കാറിന്‍െറ പൊലീസ് കുടുക്കിയതാകാമെന്നാണ് പ്രദേശവാസികളും വിശ്വസിക്കുന്നത്.

എന്തായാലും നാട്ടുകാരുടെ മനസ്സ് നേതാക്കളും തിരിച്ചറിയുന്നു.  പ്രചാരണയോഗങ്ങളിലൊന്നും ഖുര്‍ആന്‍ നിന്ദ  ആരും പരാമര്‍ശിക്കുന്നില്ല.  എങ്കിലും ഏതാനും ദിവസം മുമ്പ് നടന്ന ഒരു ഒളിച്ചോട്ട കല്യാണം ‘ലവ് ജിഹാദ്’ ആയി അവതരിപ്പിച്ച്  കളം കലക്കാനുള്ള ശ്രമമുണ്ട്.

ജനസംഖ്യയില്‍ 60 ശതമാനത്തിലേറെ മുസ്ലിംകളാണ്. സിഖ്, ഹിന്ദു ജനവിഭാഗങ്ങളാണ് ബാക്കി. കോണ്‍ഗ്രസിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. അകാലിദളും പലകുറി ജയിച്ചിട്ടുണ്ട്. മുസ്ലിം മണ്ഡലത്തില്‍  പ്രമുഖ പാര്‍ട്ടികളെല്ലാം മുസ്ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നു.   അകാലിദളിന്‍െറ ഫര്‍സാന ആലമാണ് സിറ്റിങ് എം.എല്‍.എ.  ഖുര്‍ആന്‍നിന്ദ പ്രശ്നവേളയില്‍ രോഷം തണുപ്പിക്കാന്‍ എം.എല്‍.എ രംഗത്തുണ്ടായിരുന്നില്ല.  എം.എല്‍.എയുടെ വീടിനുനേരെയും ആക്രമണമുണ്ടായി. ജനവികാരം  തിരിച്ചറിഞ്ഞ അകാലിദള്‍ അവരെ മാറ്റി. പ്രദേശത്തെ വലിയ വ്യാപാരി മുഹമ്മദ് ഉവൈസാണ് അകാലിദള്‍ സ്ഥാനാര്‍ഥി. റസിയ സുല്‍ത്താനയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.  2002ലും 2007ലും  ജയിച്ച ഇവര്‍  കഴിഞ്ഞ തവണ ഫര്‍സാന ആലമിനോട് തോല്‍ക്കുകയായിരുന്നു.

എങ്കിലും കോണ്‍ഗ്രസ് ടിക്കറ്റ് ഇവര്‍ക്കുതന്നെ കിട്ടി.   സുല്‍ത്താന എം.എല്‍.എയായിരുന്ന കാലത്ത് ഭര്‍ത്താവ് പഞ്ചാബ് പൊലീസ് ഡി.ജി.പി മുഹമ്മദ് മുസ്തഫയാണ്  മണ്ഡലം ‘ഭരിച്ചിരുന്നത്.’ അതേച്ചൊല്ലിയുള്ള ആക്ഷേപം പാര്‍ട്ടി അണികളില്‍തന്നെയുണ്ട്.

ഫര്‍സാനയുടെ സ്വന്തം സഹോദരന്‍ അര്‍ഷദ് ദലി ഖാനെ ആം ആദ്മി സ്ഥാനാര്‍ഥിയാക്കിയതോടെ ഇക്കുറി സഹോദരങ്ങളുടെ പോരിനും മണ്ഡലം സാക്ഷിയായി.  നടനും ഗായകനുമാണ് അര്‍ഷദ് ദലി ഖാന്‍. ആം ആദ്മി എം.പി ഭഗവന്ത് മാനിന്‍െറ ലോക്സഭ മണ്ഡലത്തില്‍പെട്ട മലര്‍കോട്ലയില്‍ 2014ല്‍  കോണ്‍ഗ്രസിനും അകാലിദളിനും മേല്‍ 10,000 വോട്ടിന്‍െറ ഭൂരിപക്ഷം ആം ആദ്മിക്കുണ്ട്.

 

Tags:    
News Summary - malarkodla election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.