ന്യൂഡൽഹി: ഒന്നിച്ചുനിന്നിട്ടും ബി.ജെ.പിയോടുള്ള േപാരാട്ടത്തിൽ കാര്യമായ മുന്നേറ്റ മുണ്ടാക്കാൻ കഴിയാതെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ യു.പിയിൽ മഹാസഖ്യത്ത ിന് കാലിടറി. കേന്ദ്ര, സംസ്ഥാന സർക്കാറുകളോടുള്ള അമർഷമോ കാർഷികപ്രതിസന്ധിയോ ക ാര്യമായി ബി.ജെ.പിയെ പരിക്കേൽപിച്ചില്ല. ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെ ന്ന് പരക്കെ വിലയിരുത്തപ്പെട്ട സംസ്ഥാനമാണ് യു.പി.
കഴിഞ്ഞതവണ എൻ.ഡി.എ സഖ്യം 80ൽ 73 സ ീറ്റുപിടിച്ച യു.പിയിൽ ഇക്കുറി പ്രാദേശിക കരുത്തരായ മായാവതിയും അഖിലേഷ് യാദവും അജി ത്സിങ്ങും ഒന്നിച്ചു നിന്നിട്ടും ബി.ജെ.പി സഖ്യത്തിന് നഷ്ടപ്പെട്ടത് ഒമ്പതു സീറ്റു മാത്രം. ബി.ജെ.പിക്ക് 62 സീറ്റ്; സഖ്യകക്ഷിയായ അപ്നാദളിന് കഴിഞ്ഞ തവണത്തെപ്പോലെ രണ്ടു സീറ്റ്.
ഒമ്പതു സീറ്റ് കുറഞ്ഞതിനെക്കാൾ വലിയ ആഹ്ലാദം ബി.ജെ.പിക്കു നൽകുന്നതാണ് അമേത്തിയിലെ ഫലം. നെഹ്റുകുടുംബത്തിെൻറ കുത്തക മണ്ഡലമായ അമേത്തിയിൽ, പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസിെൻറ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപിച്ചത് അര ലക്ഷത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ്. രാഹുൽ ഗാന്ധി തുടർച്ചയായി മൂന്നുവട്ടം ജയിച്ച സീറ്റാണ് അമേത്തി. പ്രിയങ്കയെ പ്രചാരണ കളത്തിലിറക്കി കോൺഗ്രസ് ഒറ്റക്ക് ശക്തി പരീക്ഷിച്ചിട്ട് കിട്ടിയ ഏക വിജയം റായ്ബറേലിയിൽ പാർട്ടി മുൻഅധ്യക്ഷ സോണിയ ഗാന്ധി സീറ്റ് നിലനിർത്തിയതാണ്. പക്ഷേ, ഭൂരിപക്ഷം പകുതികണ്ട് കുറഞ്ഞു.
ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ഒത്തുപിടിച്ച് ഉപതെരഞ്ഞെടുപ്പിൽ തോൽപിച്ച കൈരാന, ഗൊരഖ്പുർ സീറ്റുകൾ ബി.ജെ.പി തിരിച്ചുപിടിച്ചു. ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ആർ.എൽ.ഡിയും ഒന്നിച്ചുനിന്നിട്ട് ആകെ കിട്ടിയത് 15 സീറ്റ്. ബി.എസ്.പിക്ക് പത്ത്, എസ്.പിക്ക് അഞ്ച്. അജിത്സിങ്ങും മകൻ ജയന്ത് ചൗധരിയും തോറ്റ് ആർ.എൽ.ഡി വട്ടപ്പൂജ്യമായി.
ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ കാര്യമായി സാധിച്ചില്ലെന്നത് ഇൗ പാർട്ടികളുടെ രാഷ്ട്രീയ ഭാവിക്കുമേൽ വലിയ ചോദ്യചിഹ്നമാണ്. പിന്നാക്ക വിഭാഗങ്ങളുടെ കേഡർ സ്വഭാവമുള്ള വോട്ടുകളാണ് ബി.എസ്.പിയുെടത്. മറ്റു പിന്നാക്ക വിഭാഗത്തിൽപെടുന്ന യാദവരും ദലിതരും ന്യൂനപക്ഷങ്ങളും ഒന്നിച്ചുനിൽക്കുമെന്ന് കരുതിയ തെരഞ്ഞെടുപ്പിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെയും 2017ലെ ഉപതെരഞ്ഞെടുപ്പിലെയും വിഭാഗീയ, തീവ്ര ദേശീയ രസതന്ത്രങ്ങൾ വീണ്ടും പരീക്ഷിച്ചുവിജയിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചു.
പ്രിയങ്കയെ കളത്തിലിറക്കി ബി.ജെ.പിക്കും മഹാസഖ്യത്തിനും തിരിച്ചടി കൊടുക്കാനും പ്രതാപം തിരിച്ചുപിടിക്കാനും കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പാഴായി. നെഹ്റുകുടുംബം ഇത്രമേൽ യു.പിയിൽ വിയർപ്പൊഴുക്കിയ അവസരം സമീപകാലത്തില്ല. ദുർബലമായ സംഘടനസംവിധാനമാണെങ്കിൽക്കൂടി, ഏഴു സീറ്റുവരെ പ്രതീക്ഷിച്ചേടത്താണ് തിരിച്ചടി.
മതവും തീവ്രദേശീയതയും പണവും അധികാരവും തരാതരം പ്രയോഗിച്ച് ബി.ജെ.പി മുന്നേറിയപ്പോൾ മായാവതിയും അഖിലേഷും പ്രിയങ്കയും ഒരുപോലെ പകച്ചുനിൽക്കുന്നു. 45 ശതമാനം ഒ.ബി.സി വോട്ടുള്ള സംസ്ഥാനമാണ് യു.പി. പതിറ്റാണ്ടുകൾ രാഷ്ട്രീയ മേൽക്കൈ ഉണ്ടായിരുന്ന യാദവർ ഒമ്പതു ശതമാനം. 21 ശതമാനം ദലിത് വോട്ടർമാരുണ്ട്. ഇതിൽ പകുതിയിലേറെയും ജാട്ടവ വിഭാഗക്കാരാണ്. ഒ.ബി.സിയിൽ യാദവേതര വോട്ടും ദലിതരിൽ ജാട്ടവേതര വോട്ടും ലക്ഷ്യമിട്ടാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. 12 ശതമാനം വരുന്ന സവർണ വോട്ടുകളും ബി.ജെ.പിയെ സഹായിച്ചു.
2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 42 ശതമനം വോട്ടു കിട്ടിയിരുന്നു. എസ്.പിക്ക് 22 ശതമാനവും ബി.എസ്.പിക്ക് 20 ശതമാനവും വോട്ടു ലഭിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുശതമാനം 40നു താഴെയായി. മഹാസഖ്യകക്ഷികൾക്കെല്ലാംകൂടി 46 ശതമാനം വോട്ട് കിട്ടിയതാണ്. ഒന്നിച്ചുനിന്നാൽ അത് നേടാമെന്ന പ്രതീക്ഷ പാടേ പൊളിഞ്ഞു. അതിനൊപ്പമാണ് പ്രതിപക്ഷനിരയിൽ വിള്ളലുകൾ ഉണ്ടായത്. മോദിക്കെതിരെ സംയുക്ത പ്രതിപക്ഷസ്ഥാനാർഥിയെ നിർത്താൻപോലും സ്വരച്ചേർച്ച ഇല്ലാതെപോയവർക്ക് ഇനി യു.പിയിൽ പിടിച്ചുനിൽക്കാൻ പുതുതന്ത്രങ്ങൾ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.