തിരുവനന്തപുരം: പീഡനക്കേസിൽ എം.എൽ.എ അറസ്റ്റിലായത് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായി. എം. വിൻസെൻറ് എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ എം.എൽ.എ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിെൻറ രാജിക്ക് കോൺഗ്രസിൽനിന്ന് ഉൾപ്പെടെ സമ്മർദം ശക്തമായി. പാർട്ടിയുടെയും മുന്നണിയുടെയും മുഖം രക്ഷിക്കാൻ രാജിയല്ലാതെ മറ്റ് പോംവഴികളൊന്നും നേതൃത്വത്തിന് മുന്നിൽ ഇല്ല. സ്ത്രീസുരക്ഷയുടെ പേരിൽ എതിരാളികൾക്കെതിരെ മുൻകാലങ്ങളിൽ കടന്നാക്രമണം നടത്തിയിട്ടുള്ള കോൺഗ്രസ് അറസ്റ്റിലായ എം.എൽ.എെയ സംരക്ഷിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി പാർട്ടിയും മുന്നണിയും വിലനൽകേണ്ടിവരും.
വിൻസെൻറുമായി ബന്ധപ്പെട്ട ആരോപണം 25ന് ചേരുന്ന പാർട്ടിയുടെയും മുന്നണിയുടെയും യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കാമെന്ന ധാരണയാണ് നേതൃത്വത്തിൽ ഉണ്ടായിരുന്നത്. വിൻസെൻറ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും നേതാക്കൾ അനൗപചാരികമായി തീരുമാനിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത അറസ്റ്റ് ഉണ്ടായത്. അറസ്റ്റ് നടന്ന സാഹചര്യത്തിൽ രാജി ഒഴിവാക്കാനാവില്ലെന്നാണ് പാർട്ടി നേതൃത്വത്തിെല പൊതുനിലപാട്. വിലക്കയറ്റം ഉയർത്തിക്കാട്ടി സർക്കാറിനും മെഡിക്കൽ കോഴ ചൂണ്ടിക്കാട്ടി ബി.ജെ.പിക്കും എതിരെ ശക്തമായ പ്രചാരണ-പ്രക്ഷോഭ പരിപാടികൾക്ക് യു.ഡി.എഫും കോൺഗ്രസും ഒരുങ്ങുന്നതിനിടെയാണ് പീഡനവിവാദം ഉയർന്നത്. മാത്രമല്ല, കോൺഗ്രസിലെ മുൻനിര വനിത നേതാക്കൾ ഉൾപ്പെടെ എം.എൽ.എയുടെ രാജി ആവശ്യവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
പ്രശ്നത്തിൽ വിൻസെൻറ് നൽകിയ വിശദീകരണത്തിൽ കോൺഗ്രസിന് പൂർണ വിശ്വാസം ഉണ്ടെങ്കിലും സ്ത്രീവിഷയമായതിനാൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന പൊതുവികാരമാണ് പാർട്ടിയിൽ ഉള്ളത്. അതിനാൽതന്നെ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമാകും. എം.എൽ.എയുടെ രാജി എപ്പോൾ വേണമെന്നതിലാണ് ഇപ്പോൾ കോൺഗ്രസിലെ ചർച്ച. 25ന് പാർട്ടി, മുന്നണി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുള്ള സാഹചര്യത്തിൽ രാജി അതുവരെ നീട്ടിക്കൊണ്ടുപോകാൻ കഴിയുമോയെന്നാണ് ചർച്ച. ജാമ്യാപേക്ഷയിൽ അതിനുമുമ്പ് തീരുമാനം ഉണ്ടായാൽ രാജി സമ്മർദം ഒഴിവായിക്കിട്ടും.
അതിനാലാണ് 25ന് ചേരുന്ന യോഗങ്ങളിൽ ചർച്ചചെയ്തശേഷം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്.
മാത്രമല്ല, മുമ്പ് ജോസ് തെറ്റയിൽ, എ.കെ. ശശീന്ദ്രൻ എന്നിവർക്കെതിരെ ആരോപണമുയർന്നപ്പോൾ അവരാരും എം.എൽ.എ സ്ഥാനം രാജിെവച്ചിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും അന്വേഷണം നടക്കുമ്പോൾ എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ അത് എതിരാളികൾ ആയുധമാക്കും. അതിന് അവസരം നൽകാതെ രാജിമാതൃക കാട്ടി കരുത്ത് വീണ്ടെടുക്കണമെന്ന അഭിപ്രായത്തിനാണ് കോൺഗ്രസിലും മുന്നണിയിലും മേൽക്കൈ. എങ്കിലും നിയമസഭയിലെ അംഗബലത്തിൽ നിലവിലുള്ള കുറവ്, ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി എന്നീ ഘടകങ്ങൾകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.