കോഴിക്കോട്: രാജ്യത്തെ ദലിത്-പിന്നാക്ക സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാനുള്ള ആശയപരമായ അടിത്തറ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി കോഴിക്കോട്ട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. രാജ്യത്തിന്‍െറ വികസനത്തിന് അത്യാവശ്യം വേണ്ടത് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശ പടരും. എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭയമുണ്ടാക്കി ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ല.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം ജനവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ്. ഈ നീക്കം ഇതര മതവിഭാഗങ്ങളിലേക്കും പിന്നീട് കടന്നുവരും. സംഘ്പരിവാര്‍ ഗൂഢാലോചനക്ക് മതേതര പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവര്‍ കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സി.പി.എമ്മിന്‍െറ മഹിള സംഘടന മുസ്ലിം സമുദായത്തില്‍ പരിഷ്കാരങ്ങള്‍ വരുത്താനെന്ന അവകാശവാദത്തോടുകൂടി പുറത്തുവിട്ട പ്രഖ്യാപനങ്ങള്‍ ശരീഅത്തിനെ ചോദ്യംചെയ്യുന്നതാണ്.
അധികാരത്തിലത്തെിയാല്‍ മുസ്ലിംകള്‍ക്കെതിരായി നില്‍ക്കുന്നത് സി.പി.എമ്മിന്‍െറ കാപട്യമാണെന്നും ഹൈദരലി തങ്ങള്‍ ആരോപിച്ചു.
കടപ്പുറത്ത് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതിയംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, പി.വി. അബ്ദുല്‍ വഹാബ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.