കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണ് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം റദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ടത്

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെ.പി.സി.സിയുടെ നിലപാട്‌. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായം എന്നറിഞ്ഞാല്‍കൊള്ളാം.

രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച്‌ അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത്‌ ബി.ജെ.പിക്ക്‌ ശക്തിപകരാനാണ്‌ കെ.പി.സി.സിയുടെ ശ്രമം.

അപകീര്‍ത്തി കേസ്‌ മറയാക്കി പ്രതിപക്ഷ എം.പിമാരെ അയോഗ്യനാക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാർട്ടിയാണ്‌ സി.പി.എം. സൂറത്ത്‌ കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച്‌ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന്‌ വിലയിരുത്തിയ പാര്‍ടിയാണ്‌ സി.പി.എം.

ആംആദ്‌മി പാര്‍ടി നേതാവും, ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചതിനേയും, ലക്ഷദ്വീപ്‌ എം.പി മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സി.പി.എം നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ഇത്തരം നടപടികള്‍ക്ക്‌ സാധുത നല്‍കുന്നതാണ്‌ കെ.പി.സി.സി കൈക്കൊള്ളുന്ന നിലപാട്‌.

കെ.പി.സി.സി പ്രസിഡന്റിന്റെ ആര്‍.എസ്‌.എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്‌. ആര്‍.എസ്‌.എസ്‌ ശാഖക്ക്‌ കാവല്‍ നിന്നതായി കെ. സുധാകരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്‌. സ്വയം തീരുമാനിച്ചാല്‍ ആര്‌ എതിര്‍ത്താലും ബി.ജെ.പിയിലേക്ക്‌ പോകുമെന്ന്‌ പറഞ്ഞ കെ. സുധാകരന്‍, മതനിരപേക്ഷതയില്‍ അടിയുറച്ച്‌ വിശ്വസിച്ച നെഹ്‌റു പോലും ബി.ജെ.പിയുമായി സന്ധിചെയ്‌തിട്ടുണ്ടെന്ന്‌ പറഞ്ഞാണ്‌ തന്റെ ബി.ജെ.പി പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan says K. Sudhakaran's action is undemocratic and tarnishes the rule of law.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.