ലഖ്നോ: അതൊരടിതന്നെയാണ്. ഇത്രയും പ്രതീക്ഷിച്ചില്ല. എന്നാൽ, അതിൽ തളരാൻ അടികിട്ടി യവർ തയാറുമല്ല. തിരിച്ചടിക്ക് കോപ്പ് കൂട്ടിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ നിഷാദ് പാ ർട്ടിയാണ് നിർണായക സമയത്ത് മഹാസഖ്യത്തിൽ നിന്ന് പാലം വലിച്ചത്. പോകുന്നതാകട്ടെ ബി.ജെ.പിയിലേക്കും. സമാജ്വാദി പാർട്ടിക്കും (എസ്.പി) ബഹുജൻ സമാജ് പാർട്ടിക്കും (ബി.എസ്. പി) അത് അങ്ങനെയങ്ങ് തള്ളാവുന്ന കാര്യമല്ല.
2018ലെ ഗോരഖ്പുർ ഉപതെരഞ്ഞെടുപ്പിൽ രാ ജ്യത്തെ ഞെട്ടിക്കുന്ന വിജയം നേടിയതാണ് നിഷാദ് പാർട്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു പതിറ്റാണ്ടിലേറെയായി കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ് അവർ സ്വന്തമാക്കിയത്. (യോഗി ആദിത്യനാഥ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്) ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് എസ്.പിയും ബി.എസ്.പിയുമായിരുന്നു.
എസ്.പിയുടെ സൈക്കിൾ ചിഹ്നത്തിലായിരുന്നു സ്ഥാനാർഥി പ്രവീൺ നിഷാദിെൻറ മത്സരം. ഇപ്പോഴത്തെ എസ്.പി-ബി.എസ്.പി സഖ്യത്തിന് യു.പിയിൽ മരുന്നിട്ടതും അന്നത്തെ ഗോരഖ്പുർ വിജയമാണ്. അതേസമയം, സംസ്ഥാനത്തെ മഹാസഖ്യത്തിൽ നിന്ന് നിഷാദ് പാർട്ടിയുടെ പിന്മാറ്റത്തെ അതേ നാണയത്തിൽ നേരിടുകയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്. സ്വന്തം പാർട്ടിയിൽ നിന്ന് നിഷാദ് സമുദായത്തിൽപ്പെട്ട രാം ഭുവൽ നിഷാദിനെ ഗൊരഖ്പൂരിൽ എസ്.പി സ്ഥാനാർഥിയാക്കിയാണ് അഖിലേഷിെൻറ തിരിച്ചടി.
ബുധനാഴ്ച ലഖ്നോവിൽ അഖിലേഷ് നടത്തിയ വാർത്തസമ്മേളനത്തിൽ തങ്ങൾ മഹാസഖ്യത്തിലുണ്ടെന്ന് വ്യക്തമാക്കിയത് നിഷാദ് പാർട്ടി നേതാക്കൾതന്നെയാണ്. യു.പി മഹാസഖ്യത്തിൽ നിഷാദ് പാർട്ടിയുടെ പ്രാധാന്യവും അപ്പോൾ അഖിലേഷ് എടുത്തുപറഞ്ഞു. അതേസമയം, പ്രവീണിനുതന്നെ ഗോരഖ്പുർ സീറ്റ് നൽകുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും ആ സമ്മേളനത്തിൽ അഖിലേഷ് സീറ്റ് പ്രഖ്യാപനം നടത്തിയില്ല.
തുടർന്നാണ് വെള്ളിയാഴ്ച പ്രവീൺ നിഷാദും പാർട്ടിയുടെ മേധാവിയുമായ പിതാവ് സഞ്ജയ് നിഷാദും അപ്രതീക്ഷിതമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചതും തങ്ങൾ മഹാസഖ്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയതും.
തങ്ങളുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും നോട്ടീസുകളിലും മറ്റും എസ്.പി ഒരു പ്രാധാന്യവും നൽകിയില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഇപ്പോൾ തങ്ങൾക്ക് എന്ത് നിലപാടും സ്വീകരിക്കാം. ചിലപ്പോൾ സ്വതന്ത്രരായി മത്സരിക്കും അല്ലെങ്കിൽ ഏതെങ്കിലും സഖ്യത്തിൽ -പ്രവീൺ നിഷാദ് പറഞ്ഞു.
എന്നാൽ, മഹാരാജ് ഗഞ്ച് സീറ്റിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ നിഷാദ് പാർട്ടി താൽപര്യപ്പെട്ടതും അതിന് എസ്.പി വഴങ്ങാതിരുന്നതുമാണ് സഖ്യം പിരിയാൻ പ്രധാന കാരണമായി പറയുന്നത്.
നിഷാദ് പാർട്ടി
നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൾ എന്നതിെൻറ ചുരുക്കപ്പേരാണ് നിഷാദ്. നദികളുമായി ബന്ധപ്പെട്ട് മീൻപിടിത്തം, കടത്ത് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ട് ഉപജീവനം കഴിക്കുന്ന നിഷാദ്, കെവാത്സ്, ബിന്ദ് തുടങ്ങിയ സമുദായങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 2016ലാണ് നിഷാദ് പാർട്ടി രൂപവത്കരിച്ചത്. മുൻ ബി.എസ്.പി നേതാവ് സഞ്ജയ് നിഷാദ് ആണ് പാർട്ടി സ്ഥാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.