'മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു തീരുമാനം എടുക്കില്ല, ഈ രാഷ്ട്രീയ വഞ്ചന അദ്ദേഹത്തിന്‍റെ ആത്മാവ് പൊറുക്കില്ല'

കോട്ടയം: ഇടതുമുന്നണിയിൽ ചേരാനുള്ള കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ തീരുമാനത്തെ ശക്തമായി വിമർശിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും ജോസ് കെ. മാണിയുടെ രാഷ്ട്രീയ വഞ്ചന കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നാലുദശാബ്ദത്തോളം യു.ഡി.എഫിന്‍റെ ഭാഗമായിരുന്ന കെ.എം. മാണി യു.ഡി.എഫിന്‍റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോൾ ചേർന്നുനിന്ന് പോരാടുകയും ചെയ്തു. ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ല. കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ജോസ് കെ. മാണിയുടെ നിലപാട്. 

കേരള രാഷ്ട്രീയത്തിൽ കെ.എം. മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സി.പി.എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങൾകൊണ്ട് മൂടി. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തിൽ സി.പി.എമ്മിനെതിരേ യു.ഡി.എഫ് ശക്തമായി പോരാടി. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ യു.ഡി.എഫ് മാണിക്കൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ടാണ് ഈ തീരുമാനം.

മാണിക്കെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളിൽ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോൾ പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നിർവ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ കക്ഷത്തിൽ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്.

വികസനവും കരുതലും എന്നതായിരുന്നു യു.ഡി.എഫ് സർക്കാറിന്‍റെ മുഖമുദ്ര. അതിൽ കരുതലിന്‍റെ മുഖമായിരുന്നു മാണി പ്രധാന പങ്കുവഹിച്ച കാരുണ്യ പദ്ധതി, റബർ വിലസ്ഥിരതാ പദ്ധതി തുടങ്ങിവ. ഈ പദ്ധതികളെല്ലാം ഇടതുസർക്കാർ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികൾ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കർഷകർ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോൾ ബി.ജെ.പി സർക്കാറിന്‍റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കർഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കിൽ ഈ സമരത്തിൽ അണിചേരുകയാണ് വേണ്ടത്. കർഷകരെ വർഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകൾ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സി.പി.എമ്മിനോട് ചേർന്ന് എങ്ങനെ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.