തിരുവനന്തപുരം: ഭരണകക്ഷിയായ ഇടത് മുന്നണിക്കും കെ.എം. മാണിയുടെ തട്ടകമെന്ന നിലയ ിൽ യു.ഡി.എഫിനും ഒരുപോലെ നിർണായകമാകും പാലായിലെ ഫലം. സംസ്ഥാനത്ത് ഒഴിവുള്ള ആറ് നി യമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണികൾ. അതുണ്ടാകാത്തതിനാൽ പാലായിലേക്ക് സർവശ്രദ്ധയും കരുത്തും മുന്നണികൾ കേന്ദ്രീകരിക്കും. പാലായുടെ ഫലം മാസങ്ങൾക്കകം നടക്കാൻ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെയും ബാധിക്കും. അതിനാൽ എന്ത് വിലകൊടുത്തും വിജയം നേടാനുള്ള ശ്രമമായിരിക്കും പാലായിൽ അരങ്ങേറുക.
സിറ്റിങ് മണ്ഡലം അല്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിെൻറ ആഘാതം കുറയ്ക്കാൻ ഇടത് മുന്നണിക്ക് പാലായിൽ വിജയം നേടണം. സർക്കാറിെൻറ പ്രതിച്ഛായക്കും ഇത് അനിവാര്യമാണ്. കെ.എം. മാണിയല്ല എതിർപക്ഷത്തിെൻറ പടയാളി എന്നതാണ് അവരുടെ ഏറ്റവുംവലിയ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയുടെ ഭൂരിപക്ഷം 4703 വോട്ട് മാത്രമായിരുെന്നന്നതും കേരള കോൺഗ്രസിലെ തമ്മിലടി തീർത്ത രാഷ്ട്രീയ സാഹചര്യവും ഇക്കുറി വിജയത്തിന് വഴിയൊരുക്കുമെന്നും ഇതുമുന്നണി കണക്കുകൂട്ടുന്നു. ബുധനാഴ്ച ചേരുന്ന ഇടത് മുന്നണി യോഗം സീറ്റ് വിഭജനത്തിെൻറ കാര്യത്തിൽ തീരുമാനമെടുക്കും. ലോക്സഭ വിജയത്തിെൻറ ശോഭ കെടാതിരിക്കാൻ പാലായിൽ യു.ഡി.എഫിന് വിജയിച്ചേ കഴിയൂ. മാണിയുടെ തട്ടകത്തിലെ പരാജയം കേരള കോൺഗ്രസിന് മാത്രമല്ല യു.ഡി.എഫിനും അപായമണിയാകും. കെ.എം. മാണിയുടെ വിയോഗത്തിെൻറ ദുഖഃസാന്ദ്രമായ അന്തരീക്ഷം പാലായിൽ വോട്ടാക്കാനാകും പ്രധാനമായും യു.ഡി.എഫിെൻറ ശ്രമം. കേരള കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വന്ന ഉപതെരഞ്ഞെടുപ്പ് പക്ഷേ, യു.ഡി.എഫിന് ഏറെ തലവേദനയുമുണ്ടാക്കുന്നുണ്ട്.
പാർട്ടിയുടെ നിയന്ത്രണത്തിനായി ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിൽ നടക്കുന്ന പൊരിഞ്ഞ പോരാട്ടം താൽക്കാലികമായെങ്കിലും ശമിപ്പിക്കുകയാണ് ആദ്യ വെല്ലുവിളി. മാണിയുടെ തട്ടകമെന്ന നിലയിൽ അവകാശവാദത്തിന് ജോസഫ് വിഭാഗം തയാറാകില്ലെങ്കിലും പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാൻ ഇൗ അവസരം ഉപയോഗപ്പെടുത്തിേയക്കും. മാണിയുടെ കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനെ ജോസഫ് എതിർക്കാനിടയില്ല. എന്നാൽ തെൻറ നിലപാടുകൾ അംഗീകരിച്ചെടുപ്പിക്കാൻ ജോസഫ് ശ്രമിക്കും. യു.ഡി.എഫ് യോഗം നേരത്തെ തന്നെ തിങ്കളാഴ്ച ചേരാനിരുന്നതാണെങ്കിലും പുതിയ സാഹചര്യത്തിൽ ചർച്ച പാലായായി മാറും.
ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ 24,821 വോട്ട് നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും അവരുടെ വോട്ടിൽ കുറവ് വന്നില്ല. പി.സി. ജോർജിെൻറ ജനപക്ഷം ഒപ്പം വന്നതും ഇക്കുറി നേട്ടമായി ബി.ജെ.പി എണ്ണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.