കോട്ടയം: പൂഞ്ഞാർ എം.എൽ.എയും ജനപക്ഷം ചെയർമാനുമായ പി.സി. ജോർജ് ബി.ജെ.പി ചേരിയിലേക്ക് നീങ്ങുന്നു. ബി.ജെ.പി സംസ്ഥാന-ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് നിലപാടുമാറ്റം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമസഭയിൽ ബി.ജെ.പിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ േജാർജ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് പി.സി. ജോർജും ഒ. രാജഗോപാൽ എം.എൽ.എയും ധാരണയിലെത്തി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുമായും ജോർജ് നേരേത്ത ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം ബി.ജെ.പി പിന്തുണയോടെ ജനപക്ഷം നേടിയതും ഒന്നിച്ചുപ്രവർത്തിക്കാനുള്ള ധാരണയെ തുടർന്നാണ്. ഇവിടെ സി.പി.എമ്മുകാരനായ പ്രസിഡൻറിനെതിരെയും ജനപക്ഷവും ബി.ജെ.പിയും ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി. ജനപക്ഷത്തിന് സ്വധീനമുള്ള മേഖലകളിലെല്ലാം ബി.ജെ.പിയുമായി ചേർന്നാണ് പ്രവർത്തനം.
നിലവിൽ ഒരുമുന്നണിയിലും ഇല്ലാത്ത അവസ്ഥയിലാണ് ജനപക്ഷം. ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുകയെന്നത് ജോർജിെൻറ രാഷ്ട്രീയ നിലനിൽപിന് അനിവാര്യമാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലം ജോർജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ട അല്ലെങ്കിൽ കോട്ടയം മണ്ഡലമാണ് നോട്ടം. മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനാണത്. ഇക്കാര്യം ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്തിരുന്നു.
ജോർജിെൻറ സാന്നിധ്യം സഹായകമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേസമയം, കോട്ടയം, പത്തനംതിട്ട സീറ്റുകളിൽ ബി.ജെ.പിയിലെ ഒരുവിഭാഗവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇതിൽ പ്രമുഖൻ. മറ്റൊരാൾ മുമ്പ് അവിടെ മത്സരിച്ച എം.ടി. രമേശും. കോട്ടയം അല്ലെങ്കിൽ ഇടുക്കി സീറ്റിൽ കണ്ണുംനട്ട് പി.സി. തോമസ് വിഭാഗവും രംഗത്തുണ്ട്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് നോബിൾ മാത്യുവും പത്തനംതിട്ട സീറ്റിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. പഴയ കേരള കോൺഗ്രസുകാരുടെ സ്ഥാനാർഥിത്വത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ബി.ജെ.പിക്ക് തലവേദനയാവും.
ജനപക്ഷത്തിെൻറ സംസ്ഥാന എക്സിക്യൂട്ടിവ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ബി.ജെ.പി ബന്ധം അജണ്ടയിൽ ഇല്ലെങ്കിലും ചർച്ചയാവുമെന്ന് ഷോൺ ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. 28 അംഗങ്ങളാണ് എക്സിക്യൂട്ടിവിലുള്ളത്.
നിയമസഭയിൽ ബി.ജെ.പിക്കൊപ്പം–പി.സി. ജോർജ്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പി.സി. േജാർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷവും ബി.ജെ.പിയും നിയമസഭയിൽ ഒന്നിച്ചുപ്രവർത്തിക്കും. ബി.ജെ.പി അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി നടത്തിയ ചർച്ചയിലെ ധാരണപ്രകാരമാണിത്. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലും പി.സി. ജോർജും ഒന്നിച്ചാകും ഇനി നിയമസഭയിൽ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്ന് ജോർജ് പറഞ്ഞു.
ബി.ജെ.പിയുമായുള്ള സഹകരണം മഹാപാപമല്ലെന്ന് ജോർജ് പറഞ്ഞു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബി.ജെ.പിയാണ് ശക്തമായ നിലപാടെടുത്തത്. പിണറായിയുടെ നേതൃത്വത്തിൽ വിശ്വാസികളെ അടിച്ചുതകര്‍ക്കുന്നു.
വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.